തിരുവനന്തപുരം: കെ റെയില്‍ കല്ലിടല്‍ നിര്‍ത്തലാക്കല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെയാണോയെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് അധ്യക്ഷൻ തുളസീധരന്‍ പള്ളിക്കല്‍. പൊതു തെരഞ്ഞെടുപ്പു വരുമ്പോള്‍ ഇന്ധന വില കുറക്കുകയും കഴിയുമ്പോള്‍ കൂട്ടുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാറിനെ പോലെയാവാതെ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇടതുസര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും തുളസീധരന്‍ ആവശ്യപ്പെട്ടു.
530 കിലോമീറ്റര്‍ റെയില്‍വേ ലൈനിനുള്ള കല്ലിടല്‍ 190 കിലോമീറ്റര്‍ ആയപ്പോഴെങ്കിലും സര്‍ക്കാറിന് തിരിച്ചറിവുണ്ടായത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്. കല്ലിടല്‍ നിയമവിധേയമാണെന്നു പറഞ്ഞ റവന്യൂവകുപ്പ് തന്നെ ഉത്തരവിലൂടെ കല്ലിടല്‍ നിര്‍ത്തിയ സ്ഥിതിക്ക് പൊതുജനങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും തുളസീധരന്‍ ആവശ്യപ്പെട്ടു.
ഇത് ജനകീയ പ്രതിഷേധത്തിന്റെ വിജയമാണ്. പൊലീസിനെ കയറൂരി വിട്ട് കല്ലിടാന്‍ നടത്തിയ ശ്രമം തെറ്റാണെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ സമ്മതിക്കണം. സംസ്ഥാനത്തെ 42 തദ്ദേശഭരണ വാര്‍ഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. പല വാര്‍ഡുകളിലൂടെയും കെ റെയില്‍ കടന്നു പോകുന്നതിനെതിരെ ജനവികാരം ശക്തമാണ്. തെരഞ്ഞെടുപ്പിന് തലേദിവസം ഇത്തരമൊരു ഉത്തരവ് ഇറക്കിയത് വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള തന്ത്രമാണോ എന്ന സംശയവുമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ കട്ടപ്പുറത്താക്കിയാലും കെ റെയില്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ തീരുമാനം ഇനിയെങ്കിലും പുനഃപരിശോധിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.