തിരുവനന്തപുരം : കെ റെയില്‍ കല്ലിടല്‍ പ്രതിഷേധത്തെ മറികടക്കാന്‍ നിര്‍ണ്ണായക തീരുമാനവുമായി സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടലുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നിര്‍ണ്ണായക തീരുമാനം. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം.
ഉടമയുടെ അനുമതിയോടെ, കെട്ടിടങ്ങൾ, മതിലുകൾ എന്നിവിടങ്ങളിൽ മാർക്ക് ചെയ്യാമെന്ന് കേരള റെയിൽവെ ഡെവലപ്മെന്റ് കോർപ്പറേഷന് നിർദ്ദേശം വച്ചെങ്കിലും ഉത്തരവിൽ പറയുന്നത് ജിയോ ടാഗിംഗ് മാത്രമെന്നാണ്. പഠനം നടത്താൻ ബാക്കിയുള്ളത് 340 കിലോമീറ്റര്‍ കൂടിയാണ്. പദ്ധതിയിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്ന് കെ റെയില്‍ വ്യക്തമാക്കി. സർവേ രീതി മാത്രമാണ് മാറുന്നതെന്ന് എം ഡി അജിത് കുമാർ വിശദീകരിച്ചു.
കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിയതിനെ ഐതിഹാസിക സമരത്തിന്റെ വിജയമെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന് പറഞ്ഞത്. യുഡിഎഫും സമരസമിതിയും നടത്തിയ പ്രതിഷേധത്തിന്റെ ഒന്നാംഘട്ട വിജയമാണിത്. സർക്കാർ തെറ്റ് സമ്മതിച്ചു. പ്രതിഷേധക്കാര്‍ക്ക് എതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.