കോഴിക്കോട്: നഗരത്തിലെ കുണ്ടുങ്ങലിൽ കെ റെയിൽ കുറ്റികൾ ജനങ്ങൾ പിഴുതെറിഞ്ഞു. ശക്തമായ ജനകീയ സമരത്തിന് മുന്നിൽ നടപടികൾ തുടരാനാവാതെ തഹസിൽ ദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘത്തിന് മടങ്ങേണ്ടി വന്നു. പല തവണ പൊലീസും ജനങ്ങളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പൊലിസ് സംരക്ഷണയിൽ കുറ്റിയിൽ മാർക്ക് ചെയ്യാൻ കൊണ്ടുവന്ന മഞ്ഞപ്പെയിന്‍റ് ജനങ്ങൾ റോഡിൽ ചിന്തി. രാവിലെ പത്ത് മുതൽ ഒരുമണിവരെ പൊരിവെയിലിൽ ജനം പ്രതിരോധം തീർത്തു.
അസി. കമീഷണർ ബിജുരാജിന്‍റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു തിങ്കളാഴ്ച രാവിലെ കല്ലിടൽ ആരംഭിച്ചത്. കുണ്ടുങ്ങലിലെ സർക്കാർ ഭൂമിയിൽ ആദ്യം കല്ലിട്ടപ്പോൾ ജനം എതിർത്തില്ല. 11 മണിയോടെ കെ. റെയിൽ സമരനേതാവ് ടി.ടി. ഇസ്മായിൽ, ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാർ, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് കെ. മൊയ്തീൻകോയ, ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.കെ. സജീവൻ, യുവമോർച്ച നേതാവ് പ്രകാശ്ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ സമരം ശക്തമാക്കി.
റവന്യു ഭൂമിയിൽ സ്ഥാപിച്ച മൂന്നു കല്ലുകളും പിഴുതെറിഞ്ഞു. തഹസിൽദാർ തിരിച്ചുപോവണമെന്നാവശ്യപ്പെട്ട് പലതവണ ജനങ്ങൾ മുദ്രാവാക്യം വിളിച്ചു. പൊലീസ് സംയമനം പാലിച്ചു. ഉച്ചക്ക് ഒരു മണിയോടെ തഹസിൽ ദാർ കെ. ഹരീഷും സംഘവും പിരിഞ്ഞുപോയശേഷമാണ് സമരം അവസാനിച്ചത്.