തൃശൂർ: ധിക്കാരം കൊണ്ട് ജനങ്ങളെ തോൽപ്പിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ. കെ റെയിലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും സുധാകരൻ പറഞ്ഞു. തൃശൂരിൽ കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സുധാകരൻ. കെ റെയിൽ ഇടതുപക്ഷം ആലോചിക്കുന്നതിന് മുമ്പ് യു.ഡി.എഫ് ആലോചിച്ചതാണ്. പാരിസ്ഥിതിക സാമൂഹിക ആഘാതവും സാമൂഹ്യാഘാതവും സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും കണ്ടെത്തിയതിനെ തുടർന്ന് യു.ഡി.എഫ് സർക്കാർ മുൻപ് വേണ്ടെന്ന് വെച്ച പദ്ധതിയാണ് കെ റെയിൽ. അതുകൊണ്ടാണ് ചെറിയ സാമ്പത്തിക ബാധ്യത കൊണ്ട് തീർക്കാവുന്ന ബദൽ പദ്ധതി യു.ഡി.എഫ് മുന്നോട്ട് വെച്ചത്.
നാടിനെ മതിൽ കെട്ടി വിഭജിച്ച് സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികാഘാതവുമുണ്ടാക്കുന്നതല്ല. ജനങ്ങൾക്കാവശ്യമുള്ളതാകണം വികസനം. അല്ലാതെ കമ്മീഷനടിക്കാനുള്ളതാവരുത്. കമീഷനിൽ ഡോക്ടറേറ് വാങ്ങിയ ആളാണ് പിണറായി വിജയനെന്നും അതിനാണ് തിരക്ക് പിടിച്ചും വ്യാപക എതിർപ്പുകളുയർന്നിട്ടും കെ- റെയിൽ നടപ്പാക്കുമെന്ന് വാശിപിടിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു. ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. ടി.ജെ.സനീഷ് കുമാർ ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് പി.ഐ. ജേക്കബ്സൺ, കെ.പി.സി.സി സെക്രട്ടറിമാരായ ജോൺ ഡാനിയേൽ, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.