കൊച്ചി: കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ച സംഭവത്തില്‍ ജില്ല കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന് റവന്യു മന്ത്രി കെ.രാജന് പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരിക്കും. എല്ലാ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. പരമാവധി ചികിത്സ ഉറപ്പാക്കുമെന്നും കെ. രാജന് പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ നടന്നത്. ഇനിയുള്ള ഇത്തരം കൂടിചേരലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരേണ്ടിവരും.
ഇത്തരം പരിപാടികള്‍ക്ക് നിബന്ധന കൊണ്ടുവരും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം തീര്‍ച്ചയായും നല്‍കും. അത് എത്രയെന്ന് മന്ത്രിസഭ കൂടി തീരുമാനിക്കുമെന്നും മന്ത്രി കെ. രാജന് പറഞ്ഞു. കുസാറ്റ് അപകടം ഒരു പാഠമായി കണ്ട് ഇനി ഇത്തരം ആഘോഷങ്ങളില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ ക്യാമ്പസില്‍ വരുത്തേണ്ടതുണ്ടെന്ന് ആലോചിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ആവശ്യമെങ്കിൽ അതിനുവേണ്ടി നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് മന്ത്രിമാരായ പി. രാജീവും ആര്. ബിന്ദുവും കാര്യങ്ങള്‍ ഏകോപിപ്പിക്കുമെന്നും നവകേരള സദസ്സ് പരിപാടിക്കെത്തിയ മന്ത്രി എംബി രാജേഷ് കോഴിക്കോട്ട് പറഞ്ഞു. ഇന്ന് നവകേരള സദസ്സില്‍ ജനസമ്പര്‍ക്കം മാത്രമായി ചുരുക്കിയെന്നും മന്ത്രി പറഞ്ഞു.