ദുബൈ : പ്രവാസി മലയാളികള്‍ക്കായി റവന്യൂ അദാലത്ത് നടത്തുമെന്നു മന്ത്രി കെ രാജന്‍. ആറുമാസത്തിലൊരിക്കല്‍ റവന്യുമന്ത്രി യുഎഇയില്‍ നേരിട്ടെത്തി പരാതികള്‍ സ്വീകരിക്കും. പ്രവാസികള്‍ക്ക് ഭൂനികുതി ഗള്‍ഫിലിരുന്നു അടയ്ക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും മന്ത്രി ദുബൈയില്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ യുഎഇയിലായിരിക്കും റവന്യു അദാലത്ത് സംഘടിപ്പിക്കുക. ആറുമാസത്തിലൊരിക്കല്‍ റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും നേരിട്ടെത്തി പ്രവാസികളുടെ പരാതികൾ സ്വീകരിക്കും. ഭൂമി, വീട് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ അവധിയെടുത്ത് നാട്ടിലെത്തി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. പദ്ധതി ലോക കേരള സഭയിൽ അവതരിപ്പിക്കുമെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.
ഭൂമിയുമായി ബന്ധപ്പെട്ട പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ പ്രവാസി സെല്‍ സ്ഥാപിക്കും. നികുതി ഗള്‍ഫിലിരുന്നു അടയ്ക്കാനുള്ള സംവിധാനവും ഒരുക്കും. യുണീക് തണ്ടപ്പേര്‍ സിസ്റ്റം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയതായും മന്ത്രി പറഞ്ഞു. ഇതുവഴി പല സ്ഥലങ്ങളുള്ളവര്‍ക്ക് ഒറ്റനമ്പരിലേക്ക് തങ്ങളുടെ ഭൂമി ഉടമസ്സഥത മാറ്റാനാവും. കെ റെയിലിനായി കല്ലിടല്‍ തുടരും എന്നാല്‍ ആളുകളുടെ നെഞ്ചത്ത് ചവിട്ടിയായിരിക്കില്ല അത് പൂര്‍ത്തീകരിക്കുകയെന്നും റവന്യു മന്ത്രി പറഞ്ഞു.ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.