കോഴിക്കോട്: ലോകത്തിലെ മൂന്നാമത്തെ ധനികനായിരുന്നു അദാനിയുടെ നിഗൂഢമായ ബിസിനസ് വഴികളിലേക്ക് വെളിച്ചം വീശുന്ന പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നു. പുതിയ സംഭവ വികാസങ്ങളുടെ ഒരു സംക്ഷിപ്തം കൂടി ചേർത്ത് അദാനി സാമ്രാജ്യം: ചങ്ങാത്തമുതലാളിത്തത്തിനപ്പുറം എന്ന പുസ്തകം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് എഡിറ്റർ കെ.സഹദേവന്‍ പറഞ്ഞു. റെഡ് ഇന്‍ക് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിൽ അദ്ദേഹം എഴുതുന്നു….
ചരിത്രങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ എല്ലായ്‌പോഴും ഉണ്ട്. 90കളുടെ അവസാനത്തില്‍ സംഭവിച്ച ഏഷ്യന്‍ പ്രതിസന്ധികള്‍ അത്ര പെട്ടെന്ന് മറക്കാറായിട്ടില്ല. ഭരണനേതൃത്വങ്ങളുമായുള്ള സൗഹൃദങ്ങളിലൂടെയുള്ള ബിസിനസ് വിപുലീകരണം ഏതൊരു സമ്പദ്‌വ്യവസ്ഥയിലും സാമാന്യരീതിയില്‍ കണ്ടുവരുന്ന ഒന്നാണെങ്കിലും ചങ്ങാത്ത മുതലാളിത്തം അതിന്റെ എല്ലാ മറകളും നീക്കി പുറത്തുവരുന്നത് തൊണ്ണൂറുകളുടെ അവസാനത്തില്‍ സംഭവിച്ച ‘ഏഷ്യന്‍ പ്രതിസന്ധന്ധി’യെ തുടര്‍ന്നാണ്.
രാഷ്ട്രീയ ഭരണകൂടങ്ങളുമായി അടുത്തബന്ധം സൂക്ഷിക്കുന്ന സ്വകാര്യ ബിസിനസ് സംരംഭങ്ങള്‍ക്കും വിശേഷാധികാരമുള്ള കൂട്ടാളികള്‍ക്കും സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിയതിലൂടെ പൊതുമേഖലാ ബാങ്കുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുകയും രാജ്യത്തിന്റെ സമ്പദ്ഘടനയെത്തന്നെ ഗുരുതരമായി ബാധിക്കുകയും ചെയ്ത ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധി ചങ്ങാത്ത മുതലാളിത്തത്തിന്റെ ശരിയായ രൂപം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ചുകൊണ്ട് നരേന്ദ്രമോദി ഗവണ്‍മെന്റ് രാജ്യത്തെ എങ്ങോട്ടാണ് വയിച്ചുകൊണ്ടുപോകുന്നതെന്നറിയാന്‍ 90കളുടെ അവസാനത്തില്‍ സംഭവിച്ച ‘ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധി’കളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുന്നത് നന്നായിരിക്കും.
ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉദിച്ചുയരുന്ന സൂര്യന്മാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ദക്ഷിണ കൊറിയ, തായ്‌ലാന്റ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നിയ രാജ്യങ്ങളില്‍ ഏതാണ്ട് ഒരേ കാലയളവില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങളിലൊന്ന് ചങ്ങാത്ത മുതലാളിത്തമാണെന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ട സംഗതിയാണ്. സാമ്പത്തിക മാതൃകകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന സത്താപരമായ പ്രതിസന്ധികളോടൊപ്പം തന്നെ ഒളിഗാര്‍ക്കുകള്‍ക്ക് സമാനമായ വ്യവസായ ഗ്രൂപ്പുകള്‍ക്ക് അവിഹിതമായ സൗജന്യങ്ങളും സഹായങ്ങളും നല്‍കിയതിന്റെ ബാക്കിപത്രം കൂടിയായിരുന്നു ഏഷ്യന്‍ പ്രതിസന്ധി.
മൂലധന വിപണിയിലേക്കുള്ള സാമ്പത്തിക പ്രവാഹത്തിന്റെ സുവര്‍ണ്ണകാലമെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട 90കളുടെ ആദ്യഘട്ടം ഏഷ്യന്‍ രാജ്യങ്ങളുടേതായിരുന്നു. ദക്ഷിണ കൊറിയ തൊട്ട് മലേഷ്യവരെയുള്ള അഞ്ച് രാഷ്ട്രങ്ങളിലേക്കും വന്‍കിട മൂലധനം ഒഴുകിയെത്തുകയായിരുന്നു. വിവര സാങ്കേതികവിദ്യ, നെറ്റ്‌വര്‍ക്കിംഗ് സംവിധാനം എന്നിവ വിപണി മൂലധന പ്രവാഹത്തിന് കളമൊരുക്കി. ആഭ്യന്തര വിപണിയിലേക്കുള്ള മൂലധന പ്രവാഹം മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെ വിദേശ കടത്തില്‍ വലിയ വർധനവ് സൃഷ്ടിച്ചു.
ആഭ്യന്തര മൊത്തോല്‍പ്പാദനത്തിലെയും വിദേശ കമ്മിയുടെയും അനുപാതത്തില്‍ വിടവ് വർധിക്കുന്നതിനനുസരിച്ച് വിദേശ മൂലധന ഉടമകള്‍ തങ്ങളുടെ നിക്ഷേപം മേല്‍സൂചിപ്പിച്ച ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ ആരംഭിച്ചു. 1997 ആയപ്പോഴേക്കും ഏഷ്യന്‍ കടുവകളുടെ സാമ്പത്തിക ആരോഗ്യം അപകടകരമാംവിധം ക്ഷയിക്കാന്‍ തുടങ്ങി.
ഭരണകൂട ഇടപെടല്‍ മൂലം ധനകാര്യ സ്ഥാപനങ്ങള്‍ തിരിച്ചടവ് സാധ്യത പരിഗണിക്കാതെ വന്‍കിടകള്‍ക്ക് കടങ്ങള്‍ അനുവദിക്കുകയും പിന്നീട് അഴ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ മൂലധന പുനര്‍വിന്യാസത്തിലൂടെ സര്‍ക്കാരുകള്‍ അവയുടെ രക്ഷയ്‌ക്കെത്തുന്നുമുള്ള പൊതുബോധം രൂപപ്പെടാന്‍ ഇടയാക്കിയ കാലഘട്ടം കൂടിയായിരുന്നു ഇത്. ചങ്ങാത്തമുതലാളിത്തത്തിന്റെ തോളില്‍ ചാരിനിന്ന്‌കൊണ്ട് സര്‍ക്കാരുകള്‍ നടത്തുന്ന ബെയ്ല്‍ ഔട്ടുകള്‍, കൃത്രിമമായ ക്രെഡിറ്റ് റിസ്‌ക് വിശകലനം എന്നിവ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധികളിലേക്കുള്ള പാത സുഗമമാക്കിയെന്ന് പല രീതിയില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
വര്‍ത്തമാന ഇന്ത്യയില്‍ അദാനിയും അംബാനിയും അടങ്ങുന്ന വിരലിലെണ്ണാവുന്ന വ്യവസായ ഭീമന്മാരുടെ വളര്‍ച്ച പരിഗണിക്കുമ്പോള്‍ അതിന് സമാനമായ ചരിത്ര സംഭവങ്ങള്‍ ഏഷ്യന്‍ പ്രതിസന്ധികളില്‍ നിന്ന് കണ്ടെടുക്കാനാകും. ദക്ഷിണ കൊറിയയിലെ ‘ചൈയ്ബല്‍’ (chaebol) എന്നറിയപ്പെടുന്ന വ്യവസായ സമുച്ചയങ്ങള്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങളുമായി ചേര്‍ന്ന് നടത്തിയ അഴിമതികളുടെ തുടര്‍ച്ച മാത്രമാണ് ദക്ഷിണ കൊറിയന്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
സമാനമായ രീതിയില്‍ ഫിലിപ്പെന്‍സിലും, ഇന്തോനേഷ്യയിലും വ്യവസായ ഗ്രൂപ്പുകള്‍ ഭരണകൂട സേവയിലൂടെ പൊതുസമ്പത്ത് കൊള്ളയടിച്ചതിന്റെ പരിണതഫലമെന്ന നിലയില്‍ തന്നെയാണ് ഏഷ്യന്‍ പ്രതിസന്ധി ഉടലെടുത്തത്. ദക്ഷിണ കൊറിയന്‍ സ്ഥാപനങ്ങളായ സാംസംഗ്, ഹ്യൂന്‍ഡായ്, എല്‍ജി, ലോട്ടെ തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റുകള്‍ നേടിയെടുത്ത നികുതി ഇളവുകള്‍, ഭീമമായ ലോണുകള്‍, കയറ്റുമതി-ഇറക്കുമതി കരാറുകള്‍ എന്നിവ ആദ്യകാല സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമായെങ്കിലും രാജ്യത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയെ പ്രതിസന്ധിയിലേക്ക് നയിച്ചുവെന്ന് പിന്നീട് നടന്ന സംഭവ വികാസങ്ങള്‍ തെളിയിച്ചു.