തിരുവനന്തപുരം > സർട്ടിഫിക്കറ്റുകൾക്കായി ഓഫീസുകൾ കയറിയിറങ്ങുന്നത് ഇനി പഴങ്കഥ. നഗരസഭകളിൽ ജനുവരി 1 മുതൽ കെ സ്മാർട് പദ്ധതി ആരംഭിക്കുന്നതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ, കെട്ടിട പെർമിറ്റ് വിതരണം, വ്യാപാര ലൈസൻസുകൾ, വസ്തു നികുതി അടയ്ക്കൽ എന്നിങ്ങനെയുള്ള സേവനങ്ങളെല്ലാം തന്നെ ഇനി ഓൺലൈനിൽ ലഭ്യമാകും.
രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന സംവിധാനം. അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ പെട്ടെന്നു ബിൽഡിങ് പെർമിറ്റുകൾ അടക്കമുള്ളവ ഓൺലൈനായി ലഭ്യമാവും. എവിടെ നിന്നും ഓൺലൈനായി വിവാഹ രജിസ്ട്രേഷൻ സാധ്യമാവും. പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും അവ പരിഹരിച്ച് പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനവും കെ-സ്മാർട്ടിലുണ്ട്. കെ സ്മാർട്ടിനെ സംബന്ധിക്കുന്ന വീഡിയോകളും മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചു.