തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബഹുസ്വരത സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെ.പി.പി.സി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു. ബഹുസ്വരതയുടെ ആഘോഷം എന്നപേരില്‍ ജൂലൈ മാസത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആദ്യഘട്ട സംഗമങ്ങള്‍ നടത്തുകയെന്ന് സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയലാഭം നോക്കിയാണ് സി.പി.എം പ്രവര്‍ത്തിക്കുന്നത്. കുറുക്കന് കോഴിയുടെ സുഖമന്വേഷിക്കാന്‍ ചെല്ലുന്നത് പോലെയാണ് സി.പി.എം ന്യൂനപക്ഷ സംരക്ഷണത്തിന് ഇറങ്ങുന്നതെന്നും കെ.സുധാകരന് പരിഹസിച്ചു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ ഇ.എം.എസ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാട് എന്താണെന്ന് നമുക്കറിയാം. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയവാരാണ് അവര്‍. ശരീഅത്ത് നിയമത്തിനെതിരെ പ്രസംഗിച്ച് നടന്നവരാണ്. ഇപ്പോള്‍ നിലനില്‍പ്പിന് വേണ്ടി മലക്കംമറിഞ്ഞിരിക്കുകയാണ് സി.പി.എം എന്ന് സുധാകരന് കുറ്റപ്പെടുത്തി.