ദില്ലി; എംപിമാര്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ പേരിലുണ്ടായ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെസി വേണുഗോപാല്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് പിന്നാലെയാണ് സുധാകരന്‍ ഇക്കാര്യം അറിയിച്ചത്. എംപിമാര്‍ക്ക് താക്കീത് നല്‍കിയത് അധികാര പ്രയോഗത്തിനല്ല, സദുദ്ദേശ്യത്തോടെയെന്ന് സുധാകരന്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസമുള്ള എല്ലാവരുമായി ചര്‍ച്ച നടത്തുമെന്നും രാഷ്ട്രീയകാര്യ സമിതിയോഗം വിളിച്ചുചേര്‍ക്കുമെന്നും സുധാകരന്‍ പ്രതികരിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിനാണ് യോഗം വിളിച്ചതെന്നും യോഗത്തില്‍ എംപിമാര്‍ക്ക് നല്‍കിയ നോട്ടീസിന്റെ കാര്യങ്ങള്‍ സംസാരിച്ചെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, തര്‍ക്കം തീര്‍ക്കാന്‍ കെസി വേണുഗോപാല്‍ വിളിച്ച യോഗം രൂക്ഷമായ വാക്പോരിലെത്തിയിരുന്നു. പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് കെ സുധാകരന്റെ നേതൃത്വത്തെ കെ മുരളീധരനും എംകെ രാഘവനും വിമര്‍ശിച്ചു. കെ സുധാകരനെതിരെ ഏഴ് എംപിമാര്‍ പരാതി ഉന്നയിച്ചിരുന്നു. എഐസിസി അംഗങ്ങളായ എംപിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അപമാനിച്ചെന്നും സംഘടനാ സംവിധാനം കുത്തഴിഞ്ഞെന്നും എംപിമാര്‍ പരാതി ഉന്നയിച്ചിരുന്നു.