തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മനസാ വാചാ അറിയാത്ത കാര്യമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത്.
ഞാനവിടെയുണ്ടായിരുന്നു എന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും അങ്ങനെ പറഞ്ഞിട്ടില്ല. അതിജീവിത നൽകാത്ത രഹസ്യ മൊഴി സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ സുധാകരൻ ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. തന്നെ കേസിൽ പ്രതിയാക്കുന്നത് സി.പി.എം ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഏത് നെറികെട്ട കാര്യത്തിനും സി.പി.എം തയാറാകുമെന്ന് ഇതിലൂടെ മനസിലായതായും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
പോക്സോ കേസിൽ ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൺ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഈ വാദം ക്രൈംബ്രാഞ്ചും തള്ളിയിരുന്നു. സുധാകരനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത് തട്ടിപ്പു കേസിലാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.