തിരുവനന്തപുരം:അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്‍റെ വജ്ജ്രായുധമായ ലോകായുക്ത, നീതിനിര്‍വഹണത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തില്‍ ലോകായുക്ത അടിയന്തരമായി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആവശ്യപ്പെട്ടു അഴിമതിക്ക് നേതൃത്വം നല്കിയ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാന്‍ അസംബന്ധങ്ങള്‍ കുത്തിനിറച്ച ഇതുപോലൊരു വിചിത്രമായ വിധി കേരളത്തിന്‍റെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണ്.
സുപ്രീംകോടതിയും ഹൈക്കോടതിയുലമൊക്കെ സുദീര്‍ഘകാലം പ്രവര്‍ത്തിച്ച് പരിചയസമ്പത്ത് നേടിയ പ്രഗത്ഭരായ ലോകായുക്ത അംഗങ്ങള്‍ ഇത്തരമൊരു അബദ്ധജടിലമായ വിധി പ്രസ്താവിച്ചതിന്‍റെ ചേതോവികാരമാണ് ഇപ്പോള്‍ നാലുപേര്‍ കൂടുന്നിടത്തൊക്കെ ചര്‍ച്ച ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിട്ടൂരത്തിനു മുന്നില്‍ മുട്ടുമടക്കിയതാണോ, അതോ ഇതിന്‍റെ പിന്നില്‍ ഡീല്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ തലനാരിഴകീറി പരിശോധിക്കുന്നു. നീതിന്യായവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ദിനംപ്രതി ഇടിഞ്ഞുവീഴുന്ന സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നത്.
ഫുള്‍ ബെഞ്ച് തീരുമാനമാക്കിയ വിഷയം രണ്ടംഗ ബെഞ്ച് മറ്റൊരു ഫുള്‍ബെഞ്ചിനു വിട്ടതു ആരെ സംരക്ഷിക്കാനാണെന്നു പകല്‍പോലെ വ്യക്തം. രണ്ടംഗ ബെഞ്ചില്‍ ആരാണ് അനുകൂലമെന്നോ പ്രതികൂലമെന്നോ വ്യക്തമാക്കാതെ കേരളീയ സമൂഹത്തെ അപ്പാടെ ഇരുട്ടില്‍ നിര്‍ത്തി. ഈ വസ്തുതള്‍ എന്തിനാണ് മറച്ചുവയ്ക്കുന്നതെന്നു ജനങ്ങള്‍ സംശയിക്കുകയാണ്. ലോകായുക്തയുടെ നടപടികളിലെല്ലാം അടിമുടി ദുരൂഹത നിറഞ്ഞുനില്ക്കുന്നു. മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാന്‍ തീര്‍ത്ത ഓരോ നടപടിയിലും ഓരായിരം ചോദ്യങ്ങള്‍ ഉയരുന്നു. കേസ് എന്നു പരിഗണിക്കുമെന്നുപോലും ലോകായുക്തയുടെ ഫുള്‍ ബെഞ്ചിന്റെ വിധിയിലില്ല. 2019 മുതല്‍ 2022 വരെ ഈ കേസില്‍ അന്തിമവാദം കേട്ടശേഷം ഒരു വര്‍ഷത്തിലധികം അതിന്മേല്‍ അടയിരുന്നപ്പോള്‍ തന്നെ കാറ്റ് എങ്ങോട്ടാണു വീശുന്നതെന്നു വ്യക്തമായിരുന്നെന്ന് സുധാകരന്‍ പറഞ്ഞു.
2019ല്‍ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെപി ബാലചന്ദ്രന്‍ എന്നിവര്‍ ദുരിതാശ്വാസനിധി തട്ടിപ്പ് ലോകായുക്തയ്ക്ക് അന്വേഷിക്കാം എന്നു നിലപാട് എടുത്തപ്പോള്‍ ഉപലോകായുക്ത എകെ ബഷീര്‍ പാടില്ലെന്നാണ് നിലപാട് എടുത്തത്. മൂവരുടെയും നിലപാടുകള്‍ ഉള്‍പ്പെടുത്തിയാണ് അന്ന് ഭൂരിപക്ഷ തീരുമാന പ്രകാരം ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ ലോകായുക്ത തീരുമാനമെടുത്തത്. മൂവരുടെയും നിലപാടുകള്‍ അന്നു വ്യക്തമായി പുറത്തുവന്നപ്പോള്‍, അതുപോലും മാതൃകയാക്കാന്‍ ഇപ്പോള്‍ സാധിച്ചില്ലെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.