തിരുവനന്തപുരം: കെ.റെയിൽ വിഷയത്തിൽ പാർട്ടിയോടൊപ്പം ഒതുങ്ങി നിൽക്കണമെന്ന് ശശി തരൂരിനോട് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ശശി തരൂർ എം.പിക്കുള്ള അഭിപ്രായത്തെ കുറിച്ച് പാർട്ടി അദ്ദേഹത്തിനോട് വിശദീകരണം തേടും. തരൂർ വ്യക്തിയെയും എംപിയെയും ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. പക്ഷേ ഇരുന്നിടം കുഴിക്കാൻ അനുവദിക്കില്ല. പാര്‍ട്ടിക്ക് അകത്തുള്ളവരാണെങ്കില്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരും ശശി തരൂരിനോട് തങ്ങള്‍ക്കുള്ള അഭ്യർഥന അതാണെന്നും സുധാകരന്‍ പറഞ്ഞു.
ശശി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. നേരിട്ട് കണ്ട് സംസാരിക്കാനും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷയെന്നും കെ.സുധാകരൻ പറഞ്ഞു.
കോൺഗ്രസ് പദ്ധതിക്ക് എതിരല്ല പദ്ധതിയെ കുറിച്ച് വ്യത്യസ്ത നിലപാട് പാർട്ടിക്കകത്തുണ്ട്. അങ്ങനെ അഭിപ്രായ വ്യത്യാസമുള്ളവർ പാർട്ടിയുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കണം. പഠിച്ചിട്ട് തന്നെയാണ് പാർട്ടിയും നിലപാട് എടുത്തത്. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഹിത പരിശോധന നടത്തണമെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.പദ്ധതിക്ക് പോരായ്മയില്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. വലിയ വികസന പദ്ധതികളെ എതിർത്തവരാണ് സി.പി.എമ്മുകാർ. ബുള്ളറ്റ് ട്രെയിനിനെ എതിർത്ത യെച്ചൂരിയുടെ പാർട്ടിയാണ് കെ റെയിലുമായി വരുന്നത്.
വികസനത്തിന് വേണ്ടത് വാശിയല്ല, പ്രായോഗിക ബുദ്ധിയാണ് വേണ്ടത്. കണ്ണൂരിൽ സി.പി.എം പ്രവർത്തകർ പദ്ധതിക്കെതിരെ പ്രതിഷേധവുമായെത്തിയിരുന്നു. വികസനമാണെങ്കിൽ ജനസമൂഹത്തിന്‍റെ വികസനമായിരിക്കണം. ഇതാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെ.റെയിലിലും ബന്ധുനിയമം നടക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവെയിലെ ജൂനിയർ ഉദ്യോഗസ്ഥയായ ബ്രിട്ടാസിന്‍റെ ഭാര്യയാണ് ജനറൽ മാനേജർ. വ്യാജ ഡി.പി.ആർ തയാറാക്കിയാണ് പദ്ധതിക്ക് തറക്കല്ലിടുന്നതെന്നും അദ്ദേഹം പറഞ്ഞു.