തിരുവനന്തപുരം: സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വര്‍ഗീയ വിഷം തുപ്പുകയാണെന്നും അദ്ദേഹത്തിന്റെ വാ തുന്നിക്കെട്ടാന്‍ സി.പി.എം നേതൃത്വം തയ്യാറാകണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധാകരന് കോടിയേരിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. യുഡിഎഫ് ജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാന്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്നമായ വര്‍ഗീയത ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാര്‍ട്ടിയാണ് സി.പി.എം. കോടിയേരി ഇപ്പോള്‍ പറയുന്നു കോണ്‍ഗ്രസ് മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന്. ശരിക്കും സിപിഎമ്മിന് എത്ര നിലപാടുണ്ടെന്നും സുധാകരന് ചോദിച്ചു.
യജമാനന് അമേരിക്കക്ക് പോയതിന്റെ ആശ്വാസത്തില്‍ പറഞ്ഞുപോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാകില്ലെന്നും ആര്.എസ്.എസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന തീവ്രഹിന്ദുത്വ വാദികളുടെ കളിപ്പാവയായ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലിരുന്നാണ് സി.പി.എം കോണ്‍ഗ്രസിനെ പോലൊരു മതനിരപേക്ഷ പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നതെന്നും സുധാകരന് ആരോപിച്ചു.