കണ്ണൂര്‍ : പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാംപായ ചിന്തിൻ ശിബിരത്തിലെ പീഡന പരാതി നിസ്സാര വത്കരിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പീഡനപരാതി ചെറിയ രീതിയിൽ മാത്രമേ ചര്‍ച്ചയായുള്ളൂവെന്നും ഇക്കാര്യത്തിൽ തനിക്ക് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
ഭരണഘടനാ വിരുദ്ധ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. സജി ചെറിയാൻ നടത്തിയത് ഗുരുതരമായ ചട്ടലംഘനമാണ്, മന്ത്രിസ്ഥാനം രാജിവച്ചാൽ മാത്രം പ്രശ്നം തീരുന്നില്ല. ഭരണഘടനാ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത എംഎൽഎ എന്ന നിലയിൽ ആ പദവി കൂടി സജി ചെറിയാൻ രാജിവയ്ക്കണമെന്നും കെ.സുധാകരൻ കണ്ണൂരിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തിൽ ഇ.പി ജയരാജനെതിരെ കേസെടുത്തില്ലെങ്കിൽ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു.