ദില്ലി: മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കാനെന്ന പേരിൽ കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന സ്ഥിതിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. നവ കേരള സദസിന് ആളെ കൂട്ടാൻ പിഞ്ചുകുഞ്ഞുങ്ങളെ വരെ ക്ലാസുകളില്‍ നിന്ന് ഇറക്കി കൊണ്ടുപോകുകയാണ്. പ്രതിഷേധിക്കുന്നവരെ മനുഷ്യത്വരഹിതമായി പൊലീസ് കൈകാര്യം ചെയ്യുന്ന സ്ഥലമായി കേരളം മാറി. ജനാധിപത്യത്തില്‍ പ്രതിഷേധം അനുവദനീയമാണ്. എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. പ്രതിഷേധിക്കുന്നവരെ ഗുണ്ടകള്‍ മർദ്ദിക്കുന്നത് പൊലീസ് പുഞ്ചിരിയോടെ നോക്കി നിന്നു. ഇത്രയും മനുഷ്യത്വരഹിതമായ ഒരു യാത്ര ഒരു മുഖ്യമന്ത്രിയും കേരളം നടത്തിയിട്ടില്ല. മനുഷ്യാവകാശ ലംഘത്തിന് എതിരെ കേന്ദ്രം ഇടപെടണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കേരളത്തിലെ പ്രശ്നങ്ങൾ ഉയര്‍ത്തി കെപിസിസി പ്രസിഡന്റ് കൂടിയായ കണ്ണൂര്‍ എംപി കെ സുധാകരൻ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് കെ സുധാകരൻ അടിയന്തിര പ്രമേയ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവരെ ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു നേരിട്ട രീതി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.