കണ്ണൂർ : രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിന് തുല്യമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു ജീവിതം പാർട്ടിക്ക് വേണ്ടി സമർപ്പിച്ചയാളെ അഴിമതിക്കാരനെ സംരക്ഷിക്കാൻ ബലിയാടാക്കി. പാർട്ടി അന്വേഷണം പ്രഹസനമാണ്. നിയമപരമായ അന്വേഷണത്തിനായി കോൺഗ്രസ് ആവശ്യപ്പെടുകയാണെന്നും അദ്ദേഹംപറഞ്ഞു. പയ്യന്നൂർ ഫണ്ട് തട്ടിപ്പിൽ ആരോപണം നേരിട്ടവർക്കെതിരെയും ആരോപണം ഉന്നയിച്ചവർക്കെതിരെയും സിപിഎം നടപടിയെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ടി ഐ മധുസൂധന നെ എംഎൽഎ സ്ഥാനത്ത് നിന്ന് നീക്കണം. ജാഗ്രതക്കുറവ് ഉണ്ടായി എന്ന് സിപിഎം പറഞ്ഞാൽ അതിനർത്ഥ കട്ടു എന്നാണ്. 50 വർഷത്തെ പാരമ്പര്യമുളള നല്ല കമ്യൂണിസ്റ്റ് വി കുഞ്ഞികൃഷ്ണൻ പോയിട്ടും സിപിഎമ്മിന് കുലുക്കമുണ്ടായില്ല. അഴിമതി പുറത്ത് കൊണ്ടുവന്ന ഏരിയ സെക്രട്ടറിക്ക് രാഷ്ട്രീയം മതിയാക്കേണ്ടി വന്നുവെന്നും സുധാകരൻ ആരോപിച്ചു.
മാസങ്ങളായി പയ്യന്നൂരിലെ പാർട്ടിക്കുള്ളിൽ പുകയുന്ന ഫണ്ട് തിരിമറി ആരോപണങ്ങളിൽ പരാതി ഉന്നയിച്ചയാൾക്കെതിരെയും അച്ചടക്ക നടപടി ഉണ്ടായിരുന്നു . തെരഞ്ഞെടുപ്പ് ഫണ്ടിൽ 60 ലക്ഷത്തിന്റെ തിരിമറി, പാർട്ടി ഓഫീസ് നിർമ്മാണത്തിനായുള്ള ചിട്ടിയിൽ തട്ടിപ്പ്, രക്തസാക്ഷി ഫണ്ട് തിരിമറി എന്നിങ്ങനെ ഗുരുതര ആരോപണങ്ങൾ നേരിട്ട ടിഐ മധുസൂധനൻ എംഎൽഎയെ ജില്ല സെക്രട്ടറിയേറ്റിൽ നിന്നും ജില്ല കമ്മറ്റിയിലേക്ക് തരംതാഴ്ത്തുകയാണുണ്ടായത്. ഫണ്ട് കൈകാര്യം ചെയ്തതിൽ ജാഗ്രതക്കുറവുണ്ടായി എന്നുമാത്രമായിരുന്നു വിശദീകരണം.
എരിയ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാഥൻ, കെകെ ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ മുൻ ഏരിയ സെക്രട്ടറി കെപി മധു എന്നിവർക്കെതിരിരെയും അച്ചടക്ക നടപടി വന്നു. പാർട്ടി മേൽകമ്മറ്റിക്ക് പരാതി നൽകുകയും നിലപാടിൽ ഉറച്ച് നിൽക്കുകയും ചെയ്ത ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെതിരെയും നടപടി വന്നു. പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നത തരത്തിൽ വിഷയം പൊതുചർച്ച ആയതിനാലാണ് ഏരിയ സെക്രട്ടറിയെ മാറ്റി സംസ്ഥാന സമിതി അംഗമായ ടിവി രാജേഷിന് പകരം ചുമതല നൽകിയത്.
രാഷ്ട്രീയ പ്രവർത്തനം തന്നെ നിർത്തുന്നു എന്നായിയിരുന്നു വി കുഞ്ഞികൃഷ്ണന്റെ ഇതിനോടുള്ള മറുപടി. എംഎൽഎയ്ക്കെതിരായ ആരോപണങ്ങളിൽ നടപടി എടുക്കാതെ ഒതുക്കിത്തീർക്കാൻ ആദ്യം നേതൃത്വം ശ്രമിച്ചെങ്കിലും പയ്യന്നൂരിലെ പാർട്ടി രണ്ടായി പിളരും എന്ന ഘട്ടം എത്തിയപ്പോഴായിരുന്നു ഇരു വിഭാഗങ്ങൾക്കുമെതിരെ നടപടി എടുത്തുള്ള മുഖം രക്ഷിക്കാനുള്ള നീക്കം.