തിരുവനന്തപുരം: ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്സും ചേര്‍ന്ന് കേരളം,തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ 1500 ഏക്കര്‍ ഭൂമി വാങ്ങി കൂട്ടിയെന്നും അതില്‍ കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന വാര്‍ത്തയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കടലാസ് കമ്പനികളുടെ പേരില്‍ ഭൂമി വാങ്ങിക്കുകയും നെല്‍വയല്‍ നികത്തി ലാഭ വിഹിതമായ 552 കോടി വിദേശത്തേക്ക് കടത്തുകയും ചെയ്തെന്നാണ് സന്ധ്യ രവികുമാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതിനെ സംബന്ധിച്ച് വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് അന്വേഷിക്കാന്‍ സാധിക്കില്ലെങ്കില്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം.
വിവാദ കമ്പനി എസ്ആര്‍ഐടിക്കെതിരെയും ഭൂമി ഇടപാടില്‍ ആരോപണമുയര്‍ന്നിട്ടുണ്ട്. എല്ലാ കേസുകളിലും ഇവര്‍ പ്രതിസ്ഥാനത്തുണ്ട്. സര്‍ക്കാര്‍ കരാറുകള്‍ എങ്ങനെയാണ് എസ്ആര്‍ഐടിക്ക് ലഭിക്കുന്നതെന്ന ചോദ്യമാണ് ജനങ്ങള്‍ക്കുള്ളത്. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായി എസ്ആര്‍ഐടിക്ക് എന്ത് ബന്ധമാണുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ ഇടപാടില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പേരുമുണ്ടെന്നത് അറിയാതെയാവും വിഡി സതീശന് പത്രസമ്മേളനം നടത്തിയത്. സതീശന് ഇനി ഇതില്‍ പ്രതികരിക്കാന്‍ സാധ്യതയില്ലെന്നും സുരേന്ദ്രന് പറഞ്ഞു.