ആലപ്പുഴ : ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പൊലീസിന്റെ നിസഹായവസ്ഥ എഡിജിപി തന്നെ തുറന്ന് പറഞ്ഞ സ്ഥിതിക്ക് എത്രയും പെട്ടെന്ന് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ഭീകരര്‍ക്കു മുന്‍പില്‍ സമ്പൂര്‍ണമായി കീഴടങ്ങിയതായും അദ്ദേഹം പറഞ്ഞു. കൊലയാളികള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍നിന്നും സഹായം ലഭിക്കുന്നുവെന്ന് പൊലീസ് പോലും സമ്മതിക്കുന്നു. കേരള പൊലീസിന്റെ നിസഹായവസ്ഥയാണ് ഇതിലൂടെ കാണിക്കുന്നത്. പരസ്യമായി എഡിജിപി സത്യം പറഞ്ഞിട്ടും എന്തുകൊണ്ടാണ് കേസ് എന്‍ഐഎയ്ക്കു വിടാത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തിക്കൊടുത്തത് പൊലീസുകാരാണ്. ആലപ്പുഴയിലെ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്നയാളാണ്. പോപ്പുലര്‍ ഫ്രണ്ടിനെ പരസ്യമായി സഹായിക്കുകയാണ് പൊലീസ്.
പരിശോധനകള്‍ പോലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു. പൊലീസിന്റെ സമീപനം വിവേചനപരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഷാന്‍ വധത്തില്‍ എത്ര നിരപരാധികളെ വിളിച്ചു വരുത്തി കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ രണ്‍ജീതിന്റെ കേസില്‍ എന്താണ് അവസ്ഥ ആലപ്പുഴയില്‍ നിന്നും സംസ്ഥാനം വിടാന്‍ എത്ര മണിക്കൂര്‍ എടുക്കും? പൊലീസ് സഹായമില്ലാതെ കൊലയാളികള്‍ എങ്ങനെ സംസ്ഥാനം വിട്ടു? കൊലയാളികളുടെ ബൈക്കുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പൊലീസ് എന്ത് ചെയ്തു? ഒരു പരിശോധനയും നടന്നില്ല. സഞ്ജിത്തിന്റെ കേസിലും ഇതു തന്നെയാണ് നടന്നത്. നന്ദുവിന്റെ കേസിലും ഇത് തന്നെയാണ് സംഭവിച്ചത്. കേരളത്തിലെ എല്ലാ ഭീകരവാദ കേസുകളും തെളിയിച്ചത് കേന്ദ്ര ഏജന്‍സികളാണ്. ബിജെപിക്ക് നീതി കിട്ടിയിട്ടില്ലെങ്കില്‍ ആഭ്യന്തര മന്ത്രിയുടെ വീടിനു മുന്‍പില്‍ സമരം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.