തിരുവനന്തപുരം: ‘കേരള പദയാത്ര’ പ്രചാരണ ഗാന വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊന്നാനിയിലെ പ്രാദേശിക ഘടകത്തിന് പിശകു പറ്റി. ഐ.ടി സെൽ പുറത്തിറക്കിയതല്ല ഗാനം എന്ന് തിരിച്ചറിഞ്ഞിട്ടും വിവാദം തുടരുന്നത് ദുരുദ്ദേശം. അടുത്ത വിവാദവുമായി ആരും രംഗത്ത് വരേണ്ടെന്നും കുറുനരികൾ ഓലിയിടട്ടെയെന്നും കെ സുരേന്ദ്രൻ.
ഫേസ്ബുക്ക് പോസ്റ്റ്:
കേരള പദയാത്ര ജനങ്ങൾ ഏറ്റെടുത്തതോടെ ഇടതുവലതു ജിഹാദി സൈബർ ഗൂണ്ടകളും ഏതാനും ചില ബിജെപി വിരുദ്ധ മാധ്യമപ്രവർത്തകരും വ്യാപകമായ കുപ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ആദ്യം പട്ടികജാതി പട്ടികവർഗ്ഗ സംഘടനാ നേതാക്കളുമായി ഉച്ചഭക്ഷണം കഴിച്ചതിലായിരുന്നു ചിലർക്ക് പൊള്ളൽ. പദയാത്ര തുടങ്ങിയതുമുതൽ പ്രാതലും ഉച്ചഭക്ഷണവും അത്താഴവും വിവിധ സാമുദായിക സംഘടനാ നേതാക്കൾക്കൊപ്പമായിരുന്നു. അതിൽ എൻ. എസ്. എസ്, എസ്എൻഡിപി, ധീവരസഭ, ക്രിസ്ത്യൻ സംഘടനകൾ തുടങ്ങി എല്ലാവരുമുണ്ടായിരുന്നു.
അന്നൊന്നും കാണാത്ത ജാതീയത പട്ടികജാതിക്കാരിൽ കണ്ടതിലുള്ള ദുഷ്ടലാക്ക് മലയാളി മനസ്സിലാക്കാതെ പോവില്ല. പിന്നെ ഗാനവിവാദം. പൊന്നാനിയിലെ പ്രാദേശികഘടകം ഏർപ്പെടുത്തിയ മൈക്ക് എനൗൺസ്മെന്റിൽ 2014 ലെ തെരഞ്ഞെടുപ്പിനിറക്കിയ ഒരു പാട്ടിന്റെ ഒരുവരി കടന്നുകൂടിയത് പൊക്കിക്കാണിച്ചാണ് വിവാദത്തിനു തിരികൊളുത്തിയത്. പിശക് പിശകു തന്നെ. എന്നാൽ അത് സംസ്ഥാന ഐടിസെൽ പുറത്തിറക്കിയതല്ലെന്നു തിരിച്ചറിഞ്ഞിട്ടും വിവാദം തുടരുന്നതിലെ ദുരുദ്ദേശം ആർക്കും എളുപ്പം മനസ്സിലാവും.
ഇനി അടുത്ത വിവാദവുമായി ആരും രംഗത്തുവരേണ്ട. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ഒഴിച്ചുകൂടാനാവാത്ത യോഗങ്ങൾക്കായി ദില്ലിയിൽ പോകാനുള്ളതിനാൽ മലപ്പുറത്തും ഏറണാകുളത്തും പദയാത്ര നയിക്കുക യഥാക്രമം എ.പി അബ്ദുള്ളക്കുട്ടിയും എം.ടി രമേശുമായിരിക്കും. കുറുനരികൾ ഓലിയിടട്ടെ യാത്രാസംഘം ജനമനസ്സുകൾ കീഴടക്കി മുന്നോട്ടുതന്നെ. ചരൈവേതി ചരൈവേതി.