തിരുവനന്തപുരം: ഇടതുമുന്നണി ഘടകകക്ഷിയായ ഐഎൻഎല്ലിന്റെ തലവനും നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷന്റെ തലവനും ഒരാളെന്നും തീവ്രവാദസംഘടനയുമായി നേരിട്ടു ബന്ധമുള്ള ഘടകകക്ഷിയെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.‘‘രാജ്യത്തെ തകർക്കാൻ തീവ്രവാദ ഫണ്ടിങ് നടത്തുന്ന സംഘടനയാണ് റിഹാബ് ഫൗണ്ടേഷൻ. ഇൗ സംഘടനയുടെ തലവനായ മുഹമ്മദ് സുലൈമാനാണ് ഐഎൻഎല്ലിന്റെയും തലവൻ. മന്ത്രി അഹമ്മദ് ദേവർ കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി നേരിട്ട് ബന്ധമാണ്. ഇൗ മന്ത്രിയെ മുഖ്യമന്ത്രി ഉടൻ പുറത്താക്കണം.
രാജ്യത്താകമാനം നടന്ന െറയ്ഡിലൂടെ പോപ്പുലർ ഫ്രണ്ട് നടത്തിയ ഭീകരപ്രവർത്തനം തെളിഞ്ഞിട്ടും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്നു പറഞ്ഞ സിപിഎമ്മിനും പിഎഫ്ഐയും ആർഎസ്എസും ഒരുപോലെയെന്നു പറഞ്ഞു പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശിയ കോൺഗ്രസിനുമുള്ള തിരിച്ചടിയാണ് ഇൗ നിരോധനം. ഇൗ രണ്ടു മുന്നണികളും സഹായിച്ചതോടെ രാജ്യത്തെങ്ങും ലഭിക്കാത്ത പിന്തുണ ഇൗ ഭീകരസംഘടനയ്ക്കു കേരളത്തിൽ കിട്ടി. കേരളത്തെ ഇൗ അപായസ്ഥിതിയിൽ എത്തിച്ചതിന് ഇടതും വലതും മുന്നണികളാണ് ഉത്തരവാദി.
ഇൗ തീവ്രവാദ സംഘടനയുടെ പിന്തുണയോടെ കേരളത്തിലെ പല തദ്ദേശസ്ഥാപനങ്ങളും ഇരുമുന്നണികളും ഭരിക്കുന്നു. നാടിന്റെ സുരക്ഷയെ ഓർത്തെങ്കിലും ഇൗ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ കോൺഗ്രസും സിപിഎമ്മും തയാറകണം’’ – സുരേന്ദ്രൻ ആവശ്യപ്പെട്ടു.പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചത് സ്വാഗതാർഹമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഇത് പോപ്പുലർ ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായ ബലിദാനികൾക്കുള്ള ആദരവാണ്. പോപ്പുലർ ഫ്രണ്ടിനെ രാഷ്ട്രീയമായി സഹായിച്ചവർക്കുള്ള തിരിച്ചടി കൂടിയാണിതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന് പറയുന്ന സിപിഎമ്മിനും ആർഎസ്എസിനെയും നിരോധിക്കണം എന്നു പറയുന്ന കോൺഗ്രസിനും ഉത്തരംമുട്ടിയിരിക്കുകയാണ്. രാജ്യത്ത് പോപ്പുലർ ഫ്രണ്ട് നടത്തുന്ന വിധ്വംസക പ്രവർത്തനം പുറത്തുവന്നിട്ടും അവരെ നിരോധിക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. പോപ്പുലർ ഫ്രണ്ട് രാജ്യത്ത് ചോരപ്പുഴ ഒഴുക്കാൻ പദ്ധതിയിട്ടെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടും സിപിഎം നിരോധനത്തെ എതിർക്കുന്നത് ജനം വിലയിരുത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.അതിനിടെ, നിരോധിത സംഘടനയായ റിഹാബ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും ഐഎൻഎല്ലും തമ്മിലുള്ള ബന്ധം വിവാദമായ പശ്ചാത്തലത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലും ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂറും ദുബായിൽ യോഗം ചേരുന്നു. ഉച്ചയോടെ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചു.