കോട്ടയം∙ സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം പിന്തുണച്ചതോടെ കോൺഗ്രസിന്റെ തനിനിറം പുറത്തായെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദയനിധി സ്റ്റാലിന്റെയും കാർത്തി ചിദംബരത്തിന്റെയും പ്രസ്താവനയോടുള്ള രാഹുൽ ഗാന്ധിയുടെയും കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെയും മൗനം അവരുടെ ഹിന്ദുവിരുദ്ധതയുടെ ഉദാഹരണമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.‘‘സ്നേഹത്തിന്റെ കടയല്ല വംശീയോന്മൂലനത്തിന്റെ കടയാണു കോൺഗ്രസ് തുറക്കാൻ ശ്രമിക്കുന്നത്.
ഗണപതിയെ അവഹേളിച്ച സ്പീക്കർ എ.എൻ. ഷംസീറും സനാതന ധർമത്തെ ഉന്മൂലനം ചെയ്യുമെന്നു പ്രഖ്യാപിച്ച ഉദയനിധി സ്റ്റാലിനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. മീശ നോവലിൽ ഹിന്ദു സ്ത്രീകളെ അപമാനിച്ചപ്പോൾ നോവലിസ്റ്റിന്റെ കൂടെ നിന്നവരാണു കോൺഗ്രസുകാർ. എല്ലാകാലത്തും ഹിന്ദുവിരുദ്ധത പ്രകടിപ്പിക്കുന്നതിൽ സിപിഎമ്മിനോടു മത്സരിക്കുന്നതാണു കോൺഗ്രസിന്റെയും രീതി’’. ഇസ്ലാം മതത്തെ നശിപ്പിക്കുമെന്നായിരുന്നു ആരെങ്കിലും പറഞ്ഞതെങ്കിൽ ഇടത് – വലത് മുന്നണികൾ കേരളം കത്തിച്ചേനെയെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.