തിരുവനന്തപുരം: സംരംംഭകരെ അടിച്ചോടിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സി.പി.എം നയത്തിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിശാല ജനസഭയിൽ സംസാരിക്കുകയായരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും വരവേൽപ്പ് എന്ന സിനിമ കേരളത്തിൽ എത്രത്തോളം പ്രസക്തമാണെന്നതിൻ്റെ ഉദാഹരണമാണ് കോട്ടയത്ത് കണ്ടത്.
ബസ് ഉടമയെ ബസ് ഇറക്കാൻ അനുവദിക്കാതിരിക്കുകയും അദ്ദേഹം ഹൈക്കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചു വന്നപ്പോൾ ക്രൂരമായി ആക്രമിക്കുകയും ചെയ്ത സി.ഐ.ടി.യു- സി.പി.എം ആക്രമണം കേരളത്തിന് നാണക്കേടാണ്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പിന്നാക്കക്കാർക്കും സ്ത്രീകൾക്കുമെതിരെ വലിയ ആക്രമണമാണ് ഉണ്ടാവുന്നത്. സംസ്ഥാന ഖജനാവ് കൊള്ളയടിക്കുകയാണ് പിണറായി വിജയനും സംഘവും. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരീക്ഷ തട്ടിപ്പും വ്യാജരേഖ ചമക്കലും സ്വജനപക്ഷപാതവും മാത്രമാണുള്ളത്. പാവപ്പെട്ടവർക്ക് ജീവിക്കാനാവാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. മുഖ്യപ്രതിപക്ഷം അഴിമതിയിൽ മുഖം നഷ്ടപ്പെട്ട് നിൽക്കുകയാണ്. മോൻസൻ മാവുങ്കലിൻ്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡൻ്റ് അറസ്റ്റിലായി. പ്രതിപക്ഷ നേതാവ് വിദേശത്ത് നിന്നും അനധികൃതമായി പണം പിരിച്ച കേസിൽ ആരോപണവിധേയനായി നിൽക്കുകയാണ്.
മുഖ്യമന്ത്രി സ്വർണക്കടത്തിൽ ആരോപണ വിധേയനാണ്. ഈ സാഹചര്യത്തിൽ ബി.ജെ.പി മാത്രമാണ് പിണറായി സർക്കാരിന് ബദൽ. നരേന്ദ്രമോദി സർക്കാരിൻ്റെ ജനക്ഷേമ നയങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള വലിയ ക്യാമ്പയിനിഗാണ് ബി.ജെ.പി നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.