കോട്ടയം: പഴയ സിമി നേതാവായ കെടി ജലീലിൽ നിന്നും ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പാക്ക് അധീന കാശ്മീരിനെ കുറിച്ച് ആസാദ് കാശ്മീർ എന്ന ജലീലിന്‍റെ പരാമർശം രാജ്യത്തിന്‍റെ അഖണ്ഡതക്കെതിരാണ് . രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എംഎൽഎയായി തുടരാനാവില്ല. ഇന്ത്യൻ അധിനിവേശ കാശ്മീർ എന്ന പ്രയോഗം പാക്കിസ്ഥാന്‍റേതാണ്. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം.
സൈന്യത്തിനെതിരെയും ജലീൽ തന്‍റെ പോസ്റ്റിൽ പറയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ചരിത്രത്തെ വികലമാക്കുകയാണ് ജലീൽ ചെയ്യുന്നത്. കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാൻ അനധികൃതമായി പിടിച്ചെടുത്തതാണ്. മുഴുവൻ കാശ്മീരും ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് 1994ൽ പാർലമെന്റ് പ്രമേയം പാസാക്കിയതാണ്. ഭരണഘടനാ വിരുദ്ധമായ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേരളത്തെ വീണ്ടെടുക്കാനുള്ള പ്രചരണം ബിജെപി ആരംഭിച്ചു കഴിഞ്ഞു. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കണം. ഇതിന് വേണ്ടി വർഷങ്ങളായി കേരളം കാത്തിരിക്കുകയാണ്. എന്നാൽ മുസ്ലിം തീവ്രവാദികളുടെ ഭീഷണിക്ക് വഴങ്ങി സർക്കാർ കീഴടങ്ങുകയാണ്. മുസ്ലിംലീഗ് ഉൾപ്പെടെയുള്ളവർ തീവ്രനിലപാടാണ് സ്വീകരിക്കുന്നത്. സിപിഎമ്മും ഇതിന് ചൂട്ടുപിടിക്കുകയാണ്. ഇത്രയും വലിയ അവഗണന ഭാഷാപിതാവിന് നേരിടേണ്ടി വന്നിട്ടും മതേതര പാർട്ടികൾ ശബ്ദിക്കുന്നില്ല.
കേരളത്തിലെ നവോത്ഥാന സമിതി ചിലയാളുകളുടെ താത്പര്യം മാത്രം സംരക്ഷിക്കാനുള്ളതാണ്. വിവേചനപരമായ നിലപാടാണ് മുത്തലാക്കിന്റെയും ശബരിമലയുടേയും കാര്യത്തിൽ നവോത്ഥാന സമിതിക്കുള്ളത്. ഒരു സിനിമയിലെ പരസ്യം പോലും സർക്കാരിന് അസഹിഷ്ണുതയുണ്ടാക്കുകയാണ്. ആവിഷ്ക്കാര സ്വാതന്ത്യത്തിന്റെ വക്താക്കളായ സൈബർ സഖാക്കൾ സിനിമക്കെതിരെ അഴിഞ്ഞാടുകയാണെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.