മുള്ളൻകൊല്ലി: അവസാനം പ്രചാരണത്തിന് എത്തിയിട്ടും വയനാട്ടിൽ നില മെച്ചപ്പെടുത്തിയതിന്റെ ആശ്വാസത്തിലാണ് എൻഡിഎ. സ്വാധീന മേഖലകളിൽ മത്രം തമ്പടിച്ച് നടത്തിയ സുരേന്ദ്രന്റെ വോട്ടുതേടൽ ഫലത്തിൽ പ്രതിഫലിച്ചു. ക്രിസ്ത്യൻ മേഖലകളിലെ വൻ മുന്നേറ്റവും അപ്രതീക്ഷിതമായിരുന്നു. 2019നെ അപേക്ഷിച്ച് 62,229 വോട്ടുകളാണ് ബിജെപിക്ക് വയനാട്ടിൽ കൂടിയത്. കൂടുതൽ ബൂത്തുകളിൽ രണ്ടാമതെത്താനും സുരേന്ദ്രന് സാധിച്ചു. ക്രിസ്ത്യൻ മേഖലകളിൽ വൻ നേട്ടമുണ്ടാക്കാനും ബിജെപിക്ക് സാധിച്ചു.
എൽഡിഎഫ്, യുഡിഎഫ് മുന്നണികളെ ഞെട്ടിച്ചാണ് വയനാട്ടിൽ കെ.സുരേന്ദ്രൻ്റെ മുന്നേറ്റം. 2019നെക്കാൾ 5.75 ശതമാനം വോട്ടുകൂടി. തുഷാർ വെള്ളാപ്പള്ളിക്ക് കിട്ടിയ 7.25 ശതമാനം സുരേന്ദ്രനെത്തിയപ്പോൾ 13 ശതമാനമായി കുത്തനെ കൂടി. 1,41,045 വോട്ടാണ് കെ. സുരേന്ദ്രന് കിട്ടിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ 62,229 വോട്ടുകൾ കൂടി. 2014ൽ ബിജെപിയുടെ പി.ആര്. രശ്മില് നാഥ് നേടിയ 80752 വോട്ടായിരുന്നു ഇതിന് മുമ്പുള്ള മികച്ച പ്രകടനം.
നാടിളക്കിയുള്ള പ്രചാരണത്തിന് പകരം ആദിവാസി ക്രിസ്ത്യൻ മേഖലകളിൽ കൂടുതൽ സമയം സുരേന്ദ്രൻ ചെലവിട്ടു. കുടുംബ യോഗങ്ങളായിരുന്നു പ്രധാന പ്രചാരണ പരിപാടി. വ്യക്തി സന്ദർശനമായിരുന്നു മറ്റൊരു തന്ത്രം. രണ്ടും ഫലിച്ചു. നോട്ടമിട്ട വോട്ടെല്ലാം ഒപ്പമായി. ക്രിസ്ത്യന് ഭൂരിപക്ഷ മേഖലയായ മേഖലയായ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ 14 ബൂത്തുകളിൽ ബിജെപി രണ്ടാമതെത്തി. പുൽപ്പള്ളിയിൽ അഞ്ചും, നൂൽപ്പുഴയിൽ ആറും ബൂത്തുകളിൽ സുരേന്ദ്രൻ രണ്ടാമത് എത്തി. കല്പറ്റ നഗരസഭയിലെ 91-ാം ബൂത്തിൽ 128 വോട്ടാണ് സുരേന്ദ്രന്റെ ലീഡ്.
നൂൽപ്പുഴ പഞ്ചായത്തിലെ മാതമംഗലം, നെന്മേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന് തുടങ്ങിയ ബൂത്തുകളിലും സുരേന്ദ്രൻ ഒന്നാമതെത്തി. പൂതാടി, തരിയോട്, പൊഴുതന, മൂപ്പൈനാട് തുടങ്ങിയ മേഖലകളിലും എൻഡിഎ ഇത്തവണ നേട്ടമുണ്ടാക്കി. യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന ധാരണയുള്ള വയനാട്ടിൽ വലിയ രീതിയിൽ കോൺഗ്രസ് വോട്ടുകൾ പെട്ടിയിൽ എത്തിക്കാൻ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ മുന്നേറാനായെങ്കിലും മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രാഹുൽ ഗാന്ധിയുടെ വോട്ടിലും വയനാട്ടിൽ കുറവുണ്ടായി. കുറിച്യ, കുറുമ, ചെട്ടി മേഖലകളിലെല്ലാം സുരേന്ദ്രന് ഒപ്പം നിന്നു എന്നതും ശ്രദ്ധേയമാണ്.