കാസര്‍കോട്:വ്യാജ രേഖ കേസിൽ കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി.കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലെക്ചറർ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്‍റെ അന്വേഷണം.മഹാരാജാസ് കോളേജിലെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവ. കോളേജിൽ സമർപ്പിച്ചിരുന്നത്.ഇക്കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യയ്ക്ക് നീലേശ്വരം പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശാരീരിക അസ്വസ്ഥതകൾ കാരണം എത്താൻ കഴിയില്ലെന്ന് വിദ്യ ഇമെയിൽ വഴി അന്വേഷണ സംഘത്തെ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് വരെ ഹാജരാക്കാൻ കഴിയില്ല എന്നായിരുന്നു വിദ്യയുടെ ഇ മെയിൽ സന്ദേശം. വിദ്യയെ വിശദമായി ചോദ്യംചെയ്യാനാണ് നീലേശ്വരം പോലീസിന്‍റെ തീരുമാനം.
വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ മുൻ SFI നേതാവ് വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കില്ലെന്ന് അഗളി പൊലീസ് വ്യക്തമാക്കി. വിദ്യയുടേത് ഗുരുതര കുറ്റമല്ലെന്നാണ് പൊലീസിൻ്റെ വിശദീകരണം. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സി പി എമ്മും എസ് എഫ് ഐ യും വിദ്യയെ തള്ളി പറഞ്ഞെങ്കിലും ഒളിത്താവളം ഒരുക്കിയത് സി പി എമ്മിൻ്റെ സജീവ പ്രവർത്തകരെന്ന് കണ്ടെത്തിയിരുന്നു. കൂട്ടുകാരിയ്ക്കൊപ്പമുള്ള സെൽഫിയിലൂടെയാണ് വിദ്യയുടെ ഒളിയിടം പൊലീസ് കണ്ടെത്തിയത്.കൂട്ടുകാരിയുടെ ഫോണിൽ നിന്നാണ് വിദ്യക്കൊപ്പമുള്ള സെൽഫി കണ്ടെത്തിയത്. സെൽഫിയെടുത്തത് നാലു ദിവസം മുമ്പെന്ന് കണ്ടെത്തി.ഒളിവിൽ വിദ്യ വിവരങ്ങൾ അറിഞ്ഞത് സുഹൃത്തിൻ്റെ ഫോണിലൂടെയാണ്. ഇതിനായി സുഹൃത്ത് പുതിയ സിം കാർഡ് എടുത്തിരുന്നു. ഈ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതൊക്കെയാണെങ്കിലും വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ് ഉദ്ദേശിക്കുന്നില്ല. നിലവിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് അഗളി പൊലീസ് പറയുന്നത്.