കൊച്ചി : കാക്കനാട് മയക്കുമരുന്ന് കേസിലെ മുഖ്യ ഏജന്റ് ചെന്നൈ സ്വദേശി ഷംസുദ്ദീൻ സേട്ട് (56) മധുരയിൽ നിന്ന് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിലെ 25-ാം പ്രതിയാണ് ഷംസുദ്ദീൻ. എം.ഡി.എം.എ.യുടെ മൊത്ത വിതരണക്കാരനാണ് അറസ്റ്റിലായ ഷംസുദ്ദീൻ എന്നാണ് കണ്ടെത്തൽ. ചെന്നൈ ട്രിപ്ലിക്കെയ്നിൽ തങ്ങിയ മുഖ്യ പ്രതികൾക്ക് തൊണ്ടിയാർപെട്ടിൽ വെച്ച് ഷംസുദ്ദീനാണ് മയക്കുമരുന്ന് കൈമാറിയത്. പലവട്ടം മയക്കുമരുന്ന് കൈമാറിയിരുന്നതായി പ്രതി സമ്മതിച്ചു. മുഖ്യ പ്രതികളുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചത് വഴിയാണ് ഷംസുദ്ദീൻ സേട്ടിലേക്ക് അന്വേഷണ സംഘം എത്തിയത്.
ഒളിവിൽ കഴിഞ്ഞിരുന്ന ഷംസുദ്ദീനെ തേടി പലവട്ടം ക്രൈംബ്രാഞ്ച് ചെന്നൈയിലെത്തിയിരുന്നു. കാരക്കൽ, നാഗൂർ എന്നിവിടങ്ങളിൽ രണ്ടാഴ്ചയോളം ഒളിവിൽ താമസിച്ച് മധുരയിലുള്ള ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് എക്സൈസ് ക്രൈംബ്രാഞ്ച് ജോയിന്റ് എക്സൈസ് കമ്മിഷണർ കെ.എ. നെൽസണ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മധുരയ്ക്കടുത്ത് സക്കിമംഗലത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ഇടപാടിൽ തനിക്ക് കമ്മിഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നും താനല്ല പ്രധാന മയക്കുമരുന്ന് വില്പനക്കാരൻ എന്നുമാണ് പ്രതി പറയുന്നതെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ കെ.വി. സദയകുമാർ, ഇൻസ്പെക്ടർ ടി.ജി. കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർമാരായ എം.എ. യൂസഫലി, ഡ്രൈവർ ഷിജു ജോർജ് എന്നിവരും ക്രൈംബ്രാഞ്ച് സംഘത്തിലുണ്ടായിരുന്നു.