ന്യൂഡൽഹി : കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് 5 വർഷം തടവ് ശിക്ഷ. ഡോറാൻഡ ട്രഷറിയിൽ നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലാണ് ശിക്ഷ. 60 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും കോടതി തിങ്കളാഴ്ച വിധിച്ചു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡോറാൻഡ ട്രഷറി കേസിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. ജാർഖണ്ഡിലെ ഡോറാൻഡ ട്രഷറിയിൽ നിന്ന് 139.35 കോടി രൂപ അനധികൃതമായി പിൻവലിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. കേസിലെ 99 പ്രതികളിൽ 24 പേരെ വെറുതെവിട്ടിരുന്നു.
ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കന്നുകാലികൾക്ക് കാലിത്തീറ്റയ്ക്കും മറ്റുമായി വിവിധ സർക്കാർ ട്രഷറികളിൽ നിന്ന് 950 കോടി രൂപ അനധികൃതമായി പിൻവലിച്ചതാണ് കാലിത്തീറ്റ കുംഭകോണം. ജാർഖണ്ഡിലെ ദുംക, ദിയോഘർ, ചൈബാസ ട്രഷറികളുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളിൽ 73 കാരനായ ലാലു പ്രസാദ് യാദവിനെ നേരത്തെ 14 വർഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു. ഈ ശ്രേണിയിലെ അഞ്ചാമത്തെ കേസാണ് ഡോറാൻഡ ട്രഷറി കേസ്.