ശ്രീലങ്കയിലെ കച്ചത്തീവ് വിഷയം തെരഞ്ഞെടുപ്പ് ചർച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് നിസാരമായി ശ്രീലങ്കയ്ക്ക് കൊടുത്തതാണ് കച്ചത്തീവെന്ന് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും താൽപര്യങ്ങളുമെല്ലാം ദുർബലപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്തതെന്നും മോദി ആരോപിച്ചു. എക്‌സ് പോസ്റ്റിലാണ് മോദിയുടെ പരാമർശം.
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ചെറു ദ്വീപാണ് കച്ചത്തീവ്. 1956ലാണ് അന്നത്തെ സിലോൺ സർക്കാർ കച്ചത്തീവിന് വേണ്ടി ആദ്യം അവകാശവാദം ഉന്നയിച്ചത്. പ്രാചീന ഭൂപടങ്ങളിൽ കച്ചത്തീവ് സിലോണിന്റെ ഭാഗമാണെന്ന് കാണിച്ചായിരുന്നു സർക്കാർ രംഗത്തെത്തിയത്. 1949 ലും 1955ലും ഇരു സർക്കാരുകളും നാവികസേന പരിശീലനത്തിലായി കച്ചത്തീവ് ഉപയോഗിച്ചിരുന്നു. എന്നാൽ അന്ന് ഈ തർക്കങ്ങളുണ്ടായില്ല. 1956ൽ ഇരു രാജ്യത്തെയും പാർലമെന്റുകളിൽ കച്ചത്തീവിന്റെ അവകാശം ചർച്ചയായി. 1968–ൽ ഇന്ത്യ സമുദ്രാതിർത്തി 20 കി. മീ. ആക്കി വർദ്ധിപ്പിച്ചതോടെ കച്ചത്തിവ് പ്രശ്‌നം സജീവമായി. 1970–ൽ സിലോണും അതിന്റെ സമുദ്രാതിർത്തി 19.2 കി. മീ ആക്കിയപ്പോൾ തർക്കം രൂക്ഷമായി. തുടർന്ന് 1974 ലാണ് പ്രശ്‌നപരിഹാരാർത്ഥം ഉദ്യോഗസ്ഥ തല ചർച്ചകൾ നടത്തിയത്. ചർച്ചയ്‌ക്കൊടുവിൽ 1974 ജൂലൈ 28-ന് ഇന്ത്യൻ പ്രധനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്ക പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയും ഒരു കരാറിൽ ഒപ്പുവച്ചു. ഇതനുസരിച്ചാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് സ്വന്തമായത്.
ഇന്ത്യയ്ക്ക് അവകാശപ്പെട്ട കച്ചത്തീവ് കോൺഗ്രസ് നിസാരമായി ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതാണെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. കച്ചത്തീവ് തിരിച്ചുപിടിയ്ക്കണമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തമിഴ് നാട്ടിൽ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്യുന്നത് നിത്യസംഭവമായി മാറിയ സാഹചര്യത്തിലായിരുന്നു എം കെ സ്റ്റാലിന്റെ പ്രസ്താവന. ഇതിന് കാരണം കോൺഗ്രസ് കച്ചത്തീവ് വിട്ടുകൊടുത്തതാണെന്ന തരത്തിലാണ് പ്രധാനമന്ത്രി ഈ വിഷയമിപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നത്.
തെരഞ്ഞെടുപ്പിൽ തമിഴ് നാട്ടിൽ ബിജെപി തകരുമെന്ന സർവെ ഫലം വന്നതാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് കാരണമെന്ന് കോൺഗ്രസ് പറഞ്ഞു. ആധികാരിതകയില്ലാത്ത പ്രസ്താവനയാണ് നരേന്ദ്രമോദി നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കച്ചത്തീവിനെ പറ്റി സംസാരിയ്ക്കുന്നതിന്റെ രാഷ്ട്രീയം വ്യക്തമാണ്. ഇത്രയും കാലം ഈ വിഷയത്തിൽ മോദി എന്തുചെയ്യുകയായിരുന്നുവെന്നും കോൺഗ്രസ് ചോദിച്ചു.