കടയ്ക്കൽ > അപൂർവയിനം വെള്ളിമൂങ്ങകളുമായി കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കുമ്മിൾ പുല്ലുവിള ഇയ്യക്കോട് ഷീബാ മൻസിലിൽ ബൈജുകൊച്ചാപ്പ എന്ന നവാസാ(49)ണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ബുധനാഴ്‌ച രാവിലെ ഇയാളുടെ വീട്ടിൽ നടത്തിയ റെയ്‌ഡിലാണ് കൂട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന രണ്ട് വെള്ളിമൂങ്ങകളെ പിടിച്ചെടുത്തത്. ഇവയ്ക്ക് നാലുമാസം പ്രായമുണ്ട്.ഇയാൾക്ക് വെള്ളിമൂങ്ങയെ വിറ്റ ആനപ്പാറ ചെറുകര സ്വദേശിയും കഞ്ചാവ് കേസിലെ പ്രതിയും യൂത്ത്കോൺഗ്രസ് പ്രവർത്തകനുമായ വിഷ്‌ണുവിനായി പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. എന്നാൽ, വീട്ടുപരിസരത്തുനിന്ന് ഒരുമാസം മുമ്പാണ് വെള്ളിമൂങ്ങകളെ കിട്ടിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. വന്യജീവി സംരക്ഷണനിയമ പ്രകാരം സംരക്ഷിതപട്ടിക ഒന്നിൽപെട്ടതാണ് വെള്ളിമൂങ്ങ. പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പുനലൂർ വനംകോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ചെയ്‌തു. അഞ്ചൽ റേഞ്ച് ഫോറസ്‌റ്റ് റേഞ്ച് ഓഫീസർ ടി എസ് സജുവിന് കൈമാറിയ വെള്ളിമൂങ്ങകളെ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ വിട്ടയച്ചു.