കടുത്തുരുത്തി : വിമുക്തഭടനും ഭാര്യയും താമസിക്കുന്ന വീട്ടിൽ മോഷണശ്രമം. പാലായിൽ താമസിക്കുന്ന മകൾ സി.സി.ടി.വി.യിൽ കണ്ട് അയൽവാസിയെ വിവരം പറഞ്ഞതോടെ അയൽവാസി പോലീസിൽ അറിയിക്കുകയും ഉടൻ സ്ഥലത്തെത്തിയ പോലീസ് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി. കീഴൂർ സ്വദേശിയും ഇപ്പോൾ ആലപ്പുഴയിൽ താമസിക്കുന്ന ചിറ്റേത്ത് പുത്തൻപുരയിൽ റോബിൻസനാണ് (32) പിടിയിലായത്. കീഴൂർ മേച്ചേരിൽ മാത്യുവും ഭാര്യയും താമസിക്കുന്ന വീട്ടിൽ ബുധനാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. ഓൺലൈനിൽ ജോലിചെയ്യുന്ന മകൾ കിടക്കാൻ നേരം കീഴൂരിലെ വീട്ടിലെ സി.സി.ടി.വി. മൊബൈൽ ഫോണിലൂടെ നോക്കിയപ്പോഴാണ് മോഷ്ടാവിനെ കാണുന്നത്. രണ്ട് ക്യാമറ തുണികൊണ്ട് മൂടിയശേഷം മൂന്നാമത്തെ ക്യാമറ മൂടാൻ ശ്രമിക്കുമ്പോഴാണ് സംഭവം യുവതി കാണുന്നത്.
ഉടൻതന്നെ മകൾ അയൽവാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിച്ചു. പ്രഭാത് തലയോലപ്പറമ്പ് എസ്.ഐ. ജെയ്മോനെ വിളിച്ചു പറഞ്ഞു. ജെയ്മോൻ വെള്ളൂർ പോലീസിൽ അറിയിച്ചതോടെ സ്ഥലത്തെത്തിയ വെള്ളൂർ പോലീസിനെ കണ്ട മോഷ്ടാവ് ഒന്നാംനിലയിൽനിന്നും ചാടി പുറത്തേക്ക് ഓടി. രക്ഷപ്പെട്ട മോഷ്ടാവിനെ അര കിലോമീറ്ററോളം പിന്നാലെ ഓടിയാണ് പോലീസ് പിടികൂടിയത്. വീട് കുത്തിത്തുറക്കാൻ കരുതിയ ആയുധവും പ്രതി സഞ്ചരിച്ചിരുന്ന സ്കൂട്ടറും പിടിച്ചെടുത്തു. വെള്ളൂർ, തലയോലപ്പറമ്പ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരായ എസ്.ഐ. കെ.സജി, സി.പി.ഒ.മാരായ പി.എസ്. വിപിൻ, രാജീവ്, ഹോം ഗാർഡ് ബിജുമോൻ, സജി എന്നിവരും പങ്കെടുത്തു. വൈക്കം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.