കൊച്ചി : പിതാവു രോഗിയായപ്പോൾ കുടുംബഭാരം ചുമലിലേറ്റി അദ്ദേഹത്തിന്റെ വാനിൽ ക്ലീനർ ജോലി ഏറ്റെടുത്ത സാന്ദ്ര സലീമിന്റെ തുടർ പഠനത്തിനു സഹായഹസ്തം. 4 എ പ്ലസ് ഉൾപ്പെടെ നേടി പ്ലസ്ടുവും സിവിൽ ഡിപ്ലോമയും പൂർത്തിയാക്കി ബിടെക്കിനു ശ്രമിക്കുന്ന മലയാറ്റൂർ തോട്ടുവ സ്വദേശിനിയായ സാന്ദ്രയ്ക്ക്, കാലടി ആദിശങ്കര ട്രസ്റ്റ് വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്തു. ട്രസ്റ്റിന്റെ കീഴിലുള്ള ആദിശങ്കര എൻജിനീയറിങ് കോളജിൽ സാന്ദ്രയ്ക്കു സൗജന്യമായി ബിടെക് പഠിക്കാം; അതും ഇഷ്ടമുള്ള വിഷയത്തിൽ തന്നെ. സാന്ദ്രയുടെ ആഗ്രഹം മനോരമയിലൂടെ പുറത്തു വന്നതിനു പിന്നാലെയാണ് ആദിശങ്കര ട്രസ്റ്റ് സൗജന്യ പഠനം വാഗ്ദാനം ചെയ്തത്.
പ്രവേശന പരീക്ഷ പാസായാലും പിതാവിനു സുഖമില്ലാത്തതിനാൽ ജോലി ചെയ്യേണ്ടി വരുന്നതിനാൽ എങ്ങനെ പഠനം മുന്നോട്ടു കൊണ്ടു പോകും എന്ന ആശങ്കയ്ക്കിടെയാണ് ആദിശങ്കര ട്രസ്റ്റ് സാന്ദ്രയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തിരിക്കുന്നത്. കാലടി ബ്രഹ്മാനന്ദോദയം സ്കൂളിലേക്കു വിദ്യാർഥികളെ കൊണ്ടുപോകുന്ന വാനിൽ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു സാന്ദ്ര. പിതാവ് സലിം വൃക്ക രോഗം മൂർച്ഛിച്ച് എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിനിടെ ഹൃദയാഘാതവുമുണ്ടായി. ശ്രീമുരുക എന്നു പേരുള്ള വാനായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വരുമാന മാർഗം.
പിതാവ് ആശുപത്രിയിലായതോടെ വരുമാനം മുടങ്ങാതിരിക്കാൻ സാന്ദ്ര വാഹനത്തിനു ഡ്രൈവറെ നിയോഗിച്ചു. സഹായിയായി വാഹനത്തിൽ പോകാനും തീരുമാനിച്ചു. ഇതേ സ്കൂളിലെ പൂർവ വിദ്യാർഥിനിയാണ് സാന്ദ്ര. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പ്ലസ്ടുവിനുശേഷം ചേലോടു പോളിടെക്കിൽനിന്നാണ് സിവിൽ ഡിപ്ലോമ പാസായത്. ലാറ്ററൽ എൻട്രിയിലൂടെ ബിടെക് പ്രവേശനം സ്വപ്നം കണ്ടിരിക്കുമ്പോഴാണു പിതാവിന്റെ രോഗം എല്ലാം മാറ്റിമറിക്കുന്നത്.
മാനേജിങ് ട്രസ്റ്റി കെ.ആനന്ദ്, ആദിശങ്കര ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പ്രഫ. സി.പി.ജയശങ്കർ എന്നിവർ ചേർന്ന് ട്രസ്റ്റ് പഠന സഹായ സമ്മതപത്രം സാന്ദ്രയ്ക്കു കൈമാറി. ആദിശങ്കര ജനറൽ മാനേജർ എൻ.ശ്രീനാഥ്, ബ്രഹ്മാനന്ദോദയം സ്‌കൂളിലെ ഹെഡ്മാസ്റ്റർ കെ.ജയകുമാർ, വാർഡ് മെമ്പർ പി.ബി.സജീവ്, അധ്യാപിക വി.ആർ.ഷീല തുടങ്ങിയവർ സാന്ദ്രയെ അഭിനന്ദിച്ചു.