തിരുവനന്തപുരം : കേരളത്തിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കാൻ സംസ്ഥാന സര്‍ക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റി. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നാളെത്തേക്കാണ് പരിപാടികള്‍ മാറ്റിവെച്ചിട്ടുള്ളത്. കളമശ്ശേരി സ്ഫോടന സംഭവത്തിൽ പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചു. ദുരന്തത്തിൽ ചികിത്സ തേടിയത് 52 പേരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഇവരിൽ 18 പേർ വിവിധ ആശുപത്രികളിലായി ഐസിയുവിൽ കഴിയുകയാണ്. ഇതിൽ 6 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഈ 6 പേരിൽ 12 വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. 37 ഓളം പേർ മെഡിക്കൽ കോളേജിലാണ് ചികിത്സ തേടിയിരിക്കുന്നത്. 10 പേർ വാർഡിലും 10 പേർ ഐസിയുവിലുമാണുള്ളത്.
ഗുരുതരമല്ലാത്ത പൊള്ളലുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്യുമെന്ന് ഡോക്ടർമാർ പറഞ്ഞതായി മന്ത്രി വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും സാധിക്കുന്ന തരത്തിലുള്ള ആധുനിക ചികിത്സ നൽകുമെന്നും ആരോഗ്യമന്ത്രി ഉറപ്പ് നൽകി. മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലായിരിക്കും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എന്നും മന്ത്രി വ്യക്തമാക്കി. ചികിത്സ സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്നും പരിക്കേറ്റവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നതാണ് പ്രധാനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.