കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിെൻറ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത് 24 നുള്ളിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. യു.എ.പി.എക്ക് പുറമെ, കൊലപാതകം, വധശ്രമം, സ്ഫോടക വസ്തു നിയമം എന്നിവ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഡൊമിനിക് മാർട്ടിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യതതിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബോംബ് സ്ഥാപിച്ചത് ടിഫിൻ ബോക്സിലല്ലെന്നും ആറ് പ്ലാസ്റ്റിക് കവറുകളിലായി അറിടത്താണ് സ്ഥാപിച്ചതെന്നും പ്രതി മൊഴി നൽകിയിരിക്കുകയാണ്.യൂട്യൂബ് നോക്കിയാണ് നിർമാണം പഠിച്ചത്. തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽ നിന്ന് വാങ്ങിയ വീര്യമേറിയ കരിമരുന്നും പെട്രോളുമാണ് ഉപയോഗിച്ചത്. ആലുവക്കടത്ത തറവാട്ടു വീട്ടിൽ വെച്ച് ബോംബ് നിർമിച്ച് ശേഷം കളമശ്ശേരിയിലേക്ക് പോകുകയായിരുന്നു.ഇന്ന് രാവിലെ ഏഴുമണിയോടെ കൺവെൻഷൻ സെന്ററിൽ എത്തിയ ഇയാൾ മുൻനിരയിൽ ആറിടത്തായി ബോബുകൾ സ്ഥാപിച്ചു. പിൻനിരയിൽ ഇരുന്ന പ്രതി സ്ഫോടന ദൃശ്യം മൊബൈലിൽ പകർത്തിയെന്നും മൊഴി നൽകി.ബാറ്ററിയോട് ചേര്‍ത്തുവെച്ച വീര്യമേറിയ കരിമരുന്ന് ഉപയോഗിച്ചാണ് സ്ഫോടനം ഉണ്ടാക്കിയത്. എട്ടു ലിറ്റർ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. പെട്രോൾ നിറച്ച പ്ലാസ്റ്റിക് ബാഗിൽ റിമോട്ട് ഘടിപ്പിച്ചു. സ്ഫോടനത്തിനായി 50 ഗുണ്ടുകൾ ഉപയോഗിച്ചെന്നാണ് മൊഴി. അതേസമയം, കളമശ്ശേരിയിൽ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ 12കാരിയായ പെൺകുട്ടി തിങ്കളാഴ്ച രാവിലെ മരിച്ചു.
രണ്ടായിരത്തോളം പേർ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിലാണ് ഞായറാഴ്ചയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. മണിക്കൂറുകൾ നീണ്ട ദുരൂഹതക്കും തിരച്ചിലുകൾക്കുമൊടുവിൽ സ്വയം കുറ്റമേറ്റ് തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ ഹാജരായ എറണാകുളം തമ്മനത്ത് താമസിക്കുന്ന ഡൊമിനിക് മാർട്ടിനാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.സംഭവത്തിൽ 61 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12), പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ വാടകക്ക് താമസിക്കുന്ന കുളത്തിങ്കൽ കുമാരി (53) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ഉഗ്രസ്ഫോടനത്തോടെ നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. 95 ശതമാനം പൊള്ളലേറ്റ് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ലിബിനയുടെ മരണം തിങ്കൾ പുലർച്ചെ 12.40നായിരുന്നു. ഞായർ രാത്രി ഏഴരയോടെയാണ് ഇതേ ആശുപത്രിയിൽ കുമാരി മരിച്ചത്. ലിയോണ സംഭവസ്ഥലത്തും മരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും സമീപ ജില്ലകളിൽനിന്നുമുള്ള യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനാണ് കളമശ്ശേരി മെഡിക്കൽ കോളജിനടുത്ത സംറ കൺവെൻഷൻ സെന്‍ററിൽ നടന്നത്. വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനത്തിന്‍റെ സമാപന ദിനമായിരുന്ന ഞായറാഴ്ച രാവിലെ പ്രാർഥന തുടങ്ങി അൽപസമയത്തിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.