കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് എൻഐഎ കോടതി. കണ്ണൂർ തയ്യിൽ ബിദുൽ ഹിലാൽ വീട്ടിൽ തടിയന്റവിട നസീർ, പെരുമ്പാവൂർ പുതുക്കാടൻ സാബിർ ബുഹാരി, നോർത്ത് പറവൂർ കിഴക്കേതോപ്പിൽ താജുദീൻ എന്നിവരെയാണ് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജയിലിലുള്ള പിഡിപി നേതാവ് അബ്ദുൽ നാസർ മഅ്‌ദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധത്തിനിടെ 2005 സെപ്തംബർ ഒമ്പതിനാണ് കളമശേരിയിൽ എച്ച്‌എംടിക്കുസമീപം ബസ് കത്തിച്ചത്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് സേലത്തേക്ക് പോയ തമിഴ്നാട് സർക്കാർ ബസ് രാത്രി 9.30ന് പ്രതികൾ തോക്കുചൂണ്ടി തട്ടിയെടുത്തു. യാത്രക്കാരെ ഇറക്കിവിട്ടശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.
2010 ഡിസംബറിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. വിചാരണ പൂർത്തിയാകുംമുമ്പ് കുറ്റം ചെയ്തതായി പ്രതികൾ സമ്മതിച്ചിരുന്നു. മഅ്‌ദനിയുടെ ഭാര്യ സൂഫിയ മഅ്‌ദനി ഉൾപ്പെടെ 13 പേർ കേസിൽ പ്രതികളാണ്. മറ്റുള്ളവരുടെ വിചാരണ തുടങ്ങിയിട്ടില്ല.