കൊച്ചി : കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മൃദംഗമിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മൃദംഗനാദം’ മെഗാ നൃത്ത പരിപാടിയിൽ ഉയർന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി കല്യാൺ സിൽക്സ്. സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമാണ്. ന്യായവിലയും സുതാര്യമായ പ്രവർത്തന രീതികളും അവലംബിച്ചു മാത്രം പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ ഉൽപ്പന്നങ്ങൾ ഇത്തരം ചൂഷണങ്ങൾക്കായി ഉപയോഗിച്ചതിൽ കടുത്ത അതൃപ്തിയും മാനേജ്‌മന്റ് അറിയിപ്പിൽ രേഖപ്പെടുത്തി. മൃദംഗനാദത്തിൻ്റെ സംഘാടകർ 12,500 സാരികൾ നിർമ്മിച്ചു നൽകുവാൻ ആയിട്ടാണ് ഞങ്ങളെ സമീപിക്കുന്നത്. ഈ പരിപാടിക്ക് മാത്രമായി ഡിസൈൻ ചെയ്ത സാരികൾ കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മിക്കുകയും സാരി ഒന്നിന് 390 രൂപയ്ക്ക് സംഘാടകർക്ക് യഥാസമയം കൈമാറുകയും ചെയ്തിരുന്നു. എന്നാൽ പരിപാടിയുടെ വേദിയിൽ ഉണ്ടായ ചില നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ശേഷം ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് സംഘാടകർ സാരി ഒന്നിന് 1600 രൂപ ഈടാക്കിയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഇത്തരം വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്സ് മാനേജ്‌മന്റ് ഇറക്കിയ അറിയിപ്പിൽ പറയുന്നു.