വാഷിങ്ടൻ : റഷ്യ– യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ യൂറോപ്പ് സന്ദർശിക്കാൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. അടുത്ത ആഴ്ച യുക്രെയ്ന്റെ അയൽ രാജ്യങ്ങളായ പോളണ്ടും റുമാനിയയും കമല സന്ദർശിക്കും. നാറ്റോ സഖ്യത്തിന്റെ ഐക്യവും കരുത്തും തെളിയിക്കുന്നതാകും യുഎസ് വൈസ് പ്രസിഡന്റിന്റെ സന്ദർശനമെന്ന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രിന സിങ് പറഞ്ഞു. റഷ്യയുടെ പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ യൂറോപ്പിലെ നാറ്റോ സഖ്യരാഷ്ട്രങ്ങൾക്കുള്ള യുഎസ് പിന്തുണയും വിലയിരുത്തും. യുക്രെയ്നിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിന് ഒരുമിച്ചുള്ള പ്രവർത്തനവുമുണ്ടാകുമെന്നും വൈസ് പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ്യാന്തര മാധ്യമത്തോടു വ്യക്തമാക്കി. മാർച്ച് ഒൻപതു മുതൽ 11 വരെ പോളണ്ടിലെ വാഴ്സോയിലും റുമാനിയയിലെ ബുക്കാറെസ്റ്റിലുമാണു കമല ഹാരിസ് സന്ദർശനം നടത്തുക.
പോളണ്ടിലെയും റുമാനിയയിലേയും നേതാക്കളുമായി കമല ചർച്ചകൾ നടത്തും. അതേസമയം നാറ്റോയ്ക്കെതിരെ രൂക്ഷവിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി രംഗത്തെത്തി. യുക്രെയ്നിലെ ഗ്രാമങ്ങളും നഗരങ്ങളും ഇല്ലാതാക്കാൻ റഷ്യയ്ക്ക് നാറ്റോ പച്ചക്കൊടി കാണിച്ചിരിക്കുകയാണെന്നു സെലെൻസ്കി ആരോപിച്ചു.