ഇനി കമല ഹാരിസുമായി തത്സമയ പരസ്യ സംവാദത്തിനില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. നവംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുൻപ് ഒരു സംവാദത്തിന് കൂടി കമല ട്രംപിനെ വെല്ലുവിളിച്ചിരുന്നു. കഴിഞ്ഞ സംവാദത്തിൽ ട്രംപിന് മേലെ കമല മേൽക്കൈ നേടിയെന്നാണ് വിലയിരുത്തൽ. എന്നാൽ തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. മറ്റൊരു സംവാദം കൂടെ വേണമെന്ന കമലയുടെ ആവശ്യം അവർ ആദ്യ സംവാദത്തിൽ തോറ്റുപോയതിൻ്റെ ക്ഷീണം മറികടക്കാനാണെന്ന് ട്രംപ് പരിഹസിച്ചു. ഏത് സർവേയെന്ന് കൃത്യമായി പറയാതെ താൻ കഴിഞ്ഞ സർവേയിൽ ജയിച്ചെന്നായിരുന്നു ട്രംപിൻ്റെ വാദം.
എന്നാൽ പ്രധാന സർവേകളെല്ലാം ട്രംപിന് മേലെ കമല ആധിപത്യം നേടിയെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സിഎൻഎൻ സർവേ പ്രകാരം കമല ജയിച്ചെന്ന് 63 ശതമാനം പേർ വിശ്വസിക്കുന്നു. യുഗവ് പോൾ അനുസരിച്ച് 43 ശതമാനം കമല ജയിച്ചെന്നും 28 ശതമാനം ട്രംപ് ജയിച്ചെന്നും കരുതുന്നു. ഈ സംവാദത്തിന് പിന്നാലെ കമലയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വീണ്ടും പണം ഒഴുകിയെത്തി. 24 മണിക്കൂറിനിടെ 47 ദശലക്ഷം ഡോളറാണ് കമലയ്ക്ക് കിട്ടിയത്. അതേസമയം ട്രംപിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ജെഡി വാൻസും ഡെമോക്രാറ്റിക് വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ടിം വാൽസും തമ്മിലെ സംവാദം ഒക്ടോബർ ഒന്നിന് ന്യൂയോർക്കിൽ വെച്ച് നടക്കും.