തിരുവനന്തപുരം : ലോകപ്രശസ്തമായ മ്യൂസിയം ഓഫ് ദ മൂണ്‍ ഇന്‍സ്റ്റലേഷന്‍ കനകക്കുന്നില്‍ സ്ഥാപിച്ച് ആര്‍ട്ടിസ്റ്റ് ലൂക് ജെറം. നാളെ പുലര്‍ച്ചെ നാലുമണി വരെ ഇന്‍സ്റ്റലേഷന്‍ കാണാം. ജനുവരിയില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായാണ് ഇന്‍സ്റ്റലേഷന്‍ കനകക്കുന്നില്‍ ഒരൊറ്റ രാത്രിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചന്ദ്രോപഗ്രഹത്തില്‍ നാസ സ്ഥാപിച്ച ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങള്‍ കൂട്ടിയിണക്കിയാണ് ലൂക് ജെറം, മ്യൂസിയം ഓഫ് ദ മൂണ്‍ ഉണ്ടാക്കിയിട്ടുള്ളത്. അവ ചേര്‍ത്ത് 23 മീറ്റര്‍ വിസ്താരമുള്ള ഹൈ റെസല്യൂഷന്‍ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്ട്രോളജി സയന്‍സ് സെന്ററിലാണ്. ഇരുപതു വര്‍ഷത്തോളമുള്ള പരിശ്രമത്തിനൊടുവില്‍ 2016ലാണ് ലൂക് ജെറം ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളില്‍ ഇത് പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.
ഈ ചാന്ദ്രഗോളത്തിലെ ഓരോ സെന്റീ മീറ്ററിലും കാണുന്നത് അഞ്ചു കിലോമീറ്റര്‍ ചന്ദ്രോപരിതലമായിരിക്കും. ഭൂമിയില്‍ നിന്ന് മനുഷ്യര്‍ക്ക് ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാനാവൂ. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉള്‍പ്പെടെ തനിരൂപത്തില്‍ ഗോളമായി തന്നെ തൊട്ടടുത്തു കാണാനുള്ള അവസരമാണ് മ്യൂസിയം ഓഫ് ദ മൂണ്‍ ഒരുക്കുന്നത്. മൂന്നുനിലക്കെട്ടിടത്തിന്റെ ഉയരത്തിലാണ് ചാന്ദ്രഗോളം സ്ഥാപിച്ചത്. ബാഫ്റ്റ് പുരസ്‌കാരം നേടിയ സംഗീതജ്ഞന്‍ ഡാന്‍ ജോണ്‍സ് ചിട്ടപ്പെടുത്തിയ സംഗീതവും പ്രദര്‍ശനത്തിനോട് അനുബന്ധിച്ചുണ്ട്.