തിരുവനന്തപുരം: എ കെ ജി സെന്‍ററിന് നേരെയുള്ള ആക്രമണം വൻ ഗൂഢാലോചനയുടെ ഭാഗമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി പി എമ്മിനെതിരേയും എൽ ഡി എഫിനെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്‍റെ ഭാഗമായാണ് എ കെ ജി സെന്‍ററിനെതിരെ ആക്രമണം നടന്നത്. നാട്ടിൽ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആക്രമണം ഉണ്ടായ എ കെ ജി സെന്‍റർ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
ഇന്നലെ 11.30യോടെ ആണ് എ കെ ജി സെന്‍ററിലേക്ക് ആക്രമണം ഉണ്ടായത്.സ്കൂട്ടറിലെത്തിയ ആൾ എ കെ ജി സെന്‍ററിൻറെ ഭിത്തിയിലേക്ക് സ്ഫോടന വസ്തു എറിയുകയായിരുന്നു. ഉഗ്ര ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് എ കെ ജി സെൻററിൽ ഉണ്ടായിരുന്ന മുതിർന്ന സി പി എം നേതാവ് പി കെ ശ്രീമതിയും ഓഫിസ് സെക്രട്ടറിയും പറഞ്ഞു. സംഭവത്തെ തുടർന്ന് മന്ത്രിമാരും മുതിർന്ന സി പി എം നേതാക്കളും അടക്കമുള്ളവർ സ്ഥലത്തെത്തി. കോൺഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമം ആണെന്നായിരുന്നു എ.വിജയരാഘവൻ പറഞ്ഞത്.
ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നഗരത്തിൽ പ്രകടമനം നടത്തി. പ്രവർത്തകർ സംയമനം പാലിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.