തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് അന്വേഷണത്തിന്റെ ഭാഗമായുളള സ്വാഭാവിക നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശിവശങ്കറിന്റെ അറസ്റ്റ് സംസ്ഥാന സർക്കാരിനെ ബാധിക്കില്ല. എം ശിവശങ്കർ ഇടത് മുന്നണിയുടെ ഭാഗമല്ലെന്നും അദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ശിവശങ്കറിന് എതിരെ പല കേസുകളും ഉണ്ടല്ലോയെന്നും കാനം ചൂണ്ടിക്കാട്ടി.
അതേസമയം ശിവശങ്കറിന്റെ അറസ്റ്റിൽ പിണറായി സർക്കാരിനെതിരെ കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഒന്നാം പിണറായി സർക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ ഒന്നൊന്നായി പുറത്തു വരികയാണെന്ന് പ്രതിപക്ഷ നേതാവ് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചപ്പോൾ വിമർശിച്ചു. ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ സർവ്വധികാരത്തോടെ പ്രവർത്തിച്ച ആളാണ്. മുഖ്യമന്ത്രി പിണറായി വിജയനും ലൈഫ് മിഷൻ കോഴ ഇടപാടിൽ പങ്കുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയും സർക്കാരും സിബിഐ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണ്? ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷൻ കോഴ കേസില്‍ എം ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി ഇഡി കേസെടുത്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രി 11.30 ഓടെയാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്‍റേത്. ശിവശങ്കർ തനിക്ക് കിട്ടിയ കോഴപ്പണം കള്ളപ്പണമായി സൂക്ഷിച്ചതിന് തെളിവുണ്ടെന്ന് ഇ ഡി പറയുന്നു. സ്വപ്നയുടെ രണ്ട് ലോക്കറുകളിൽ നിന്ന് എൻ ഐ എ പിടികൂടിയ പണം ശിവശങ്കറിനുള്ള കോഴപ്പണമെന്നാണ് സ്വപ്ന ഇ ഡിക്ക് നൽകിയ മൊഴി. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.25 കോടി രൂപ കോഴ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നൽകിയിരുന്നു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഇ ഡി കണ്ടെത്തിയത്. ഒരു കോടി രൂപ ശിവശങ്കറിനും സരിതിനും സന്ദീപിനുമായി 59 ലക്ഷവും നൽകിയെന്നാണ് മൊഴി. സന്ദീപിന് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നൽകിയത്. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെയും കേസിൽ ഇഡി പ്രതിയാക്കി. മൂന്ന് ലക്ഷം രൂപ ഇയാൾക്ക് കോഴ കിട്ടിയെന്നാണ് വിവരം.