തിരുവനന്തപുരം : സർവീസ് മേഖലകളിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് ജോലിഭാരം കൂട്ടുകയാണ് കേന്ദ്ര സർക്കാരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർവീസ് മേഖലകളിൽ നിരവധി പോസ്റ്റുകൾ വെട്ടികുറച്ചു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിൽ സിവിൽ സർവീസിന് നിരവധി സംഭാവനകൾ നൽകാൻ കഴിഞ്ഞ സംഘടനയാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ എന്നും കാനം പറഞ്ഞു.
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ഉള്ള അന്തരം മനസിലാക്കി സർവീസ് സംഘടനകൾ പ്രവർത്തിക്കണം. ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കേണ്ട കടമയാണ് ഇതുപോലുള്ള സംഘടനകൾക്ക് ഉള്ളതെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.