തിരുവനന്തപുരം : കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ഭാസുരാംഗൻ മാത്രമല്ലെന്നും തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാരുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് തട്ടിപ്പ് പണം ലഭിച്ചിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്.സിപിഐയുടെ പ്രമുഖ നേതാവിനും തട്ടിപ്പ് തുകയില്‍ നിന്ന് മാസപ്പടി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കണ്ടല സർവീസ് സഹകരണ ബാങ്കിൽ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഭാസുരാംഗനെതിരെ സിപിഐ നടപടി എടുത്തത് പാര്‍ട്ടി നേതൃത്വത്തിനെതിരെ മൊഴി പറഞ്ഞതുകൊണ്ടാണ്. ഇത്രകാലവും ഭാസുരാംഗനെ വെള്ളപൂശിയവരാണ് ഇപ്പോള്‍ നടപടിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇത് കണ്ണില്‍ പൊടിയിടാനുളള തന്ത്രം മാത്രമാണ്. ഇതുതന്നെയാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൻറെയും സ്ഥിതിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.