കോഴിക്കോട്: തിരുവനനന്തപുരത്തെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം പിടിമുറിക്കിയതിന് പിന്നാലെ മുന്‍ സിപിഐ നേതാവായ എസ് ഭാസുരാംഗനെ മില്‍മയുടെ ചുമതലകളില്‍നിന്ന് നീക്കി. മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ചുമതലകളില്‍നിന്നാണ് മാറ്റിയത്. ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍നിന്ന് നീക്കിയതായും ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിറങ്ങുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചുമതലകളില്‍നിന്ന് നീക്കികൊണ്ടുള്ള ഉത്തരവിറക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഇന്നലെ രാത്രി ഭാസുരാംഗന്‍റെ വസതിയില്‍ ആരംഭിച്ച ഇഡി പരിശോധന ഇപ്പോഴും തുടരുകയാണ്.
ഭാസുരാംഗനെ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെ ഇന്ന് തിരുവനന്തപുരത്ത് സിപിഐ ജില്ല എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയെന്ന് ജില്ല സെക്രട്ടറി അറിയിക്കുകയും ചെയ്തു. ഭാസുരാംഗനെ സിപിഐ പുറത്താക്കിയതിന് പിന്നാലെയാണ് മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് ചുമതലകളില്‍നിന്ന് കൂടി നീക്കിയതായി മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചത്.