ന്യൂഡൽഹി: മേയ് 25നാണ് ഡൽഹിയിലെ ഏഴ് ലോക്സഭ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കന്നത്. ഏഴ് സീറ്റുകളിലും ബി.ജെ.പിക്ക് സ്ഥാനാർഥികളുണ്ട്. ഇക്കുറി എ.എ.പിയും കോൺഗ്രസും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നാലു സീറ്റിൽ എ.എ.പിയും മൂന്നെണ്ണത്തിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. 14 സ്ഥാനാർഥികളിൽ വടക്കു കിഴക്കൻ ഡൽഹിയിൽ നിന്നുള്ള മനോജ് തിവാരിയാണ് ഏറ്റവും സമ്പന്നൻ. അതുപോലെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന കനയ്യ കുമാർ ആണ് ഏറ്റവും സമ്പന്നൻ. എം.ഫിൽ, ഡി.ഫിൽ ബിരുദങ്ങളുണ്ട് കനയ്യ കുമാറിന്. ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലായിരുന്നു പഠനം. കനയ്യക്ക് 10.72 ലക്ഷം രൂപയുടെ സ്വത്തും കൈവശമുണ്ട്. എ.എ.പിയുടെ രണ്ട് സ്ഥാനാർഥികൾക്ക് 11ാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ. വെസ്റ്റ് ഡൽഹിയിൽ നിന്ന് മത്സരിക്കുന്ന മഹാബൽ, സൗത്ത് ഡൽഹിയിൽ നിന്ന് മത്സരിക്കുന്ന സാഹി റാം എന്നിവർക്കാണ് 11ാം ക്ലാസ് വിദ്യാഭ്യാസമുള്ളത്. വിദ്യാഭ്യാസത്തിൽ ഇത്തിരി പിന്നിലാണെങ്കിൽ സമ്പത്തിന്റെ കാര്യത്തിൽ മഹാബൽ മിശ്രയുടെ സ്ഥാനം മൂന്ന് ആണ്. 19.93 കോടി സ്വത്ത് വകകളുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ നാമനിർദേശ പത്രികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതോടൊപ്പം 34.80 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും ഒരു കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട് ഇദ്ദേഹത്തിന്.
എ.എ.പിയുടെ സോമനാഥ് ഭാരതി ഡൽഹി ഐ.ഐ.ടിയിൽ നിന്നാണ് എം.എസ്.സി ബിരുദം നേടിയത്. കൂടാതെ ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.