ദില്ലി: ബിജെപിയുടെ തുക്ഡെ തുക്ഡെ ഗ്യാങ് പരാമർശത്തിനോട് താനെന്തിന് പ്രതികരിക്കണമെന്ന് കോൺഗ്രസ് നേതാവും ജെഎൻയുവിലെ മുൻ വിദ്യാർത്ഥി നേതാവുമായ കനയ്യ കുമാർ. താനെന്തിന് അതിനെ എതിർക്കണം, അത്തരം നുണകളെ എതിർക്കേണ്ടതില്ലെന്നും കനയ്യകുമാർ പറഞ്ഞു. ദില്ലിയിൽ മത്സര രംഗത്തുള്ള കനയ്യ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിജെപിയുടെ തുക്ഡെ തുക്ഡെ ഗ്യാങ് പരാമർശത്തിനെതിരെ പ്രതികരിച്ചത്. ജെഎൻയുവിലെ സമര കാലത്തായിരുന്നു കനയ്യ ഉൾപ്പെടെയുള്ള വിദ്യാർത്ഥി നേതാക്കളെ തുക്ഡെ തുക്ഡെ ഗ്യാങ് എന്ന് ബിജെപി നിരന്തരം അധിക്ഷേപിച്ചിരുന്നത്.
‘താനെന്തിന് അതിനെ എതിർക്കണം, അത്തരം നുണകളെ എതിർക്കേണ്ടതില്ല. വാസ്തവത്തിൽ, ചോദ്യം അവരെ കുറിച്ചാണ്. എൻഐഎ, സിബിഐ, ഇഡി ഉൾപ്പെടെയുള്ള എല്ലാ ഏജൻസികളും അവർക്ക് കീഴിലാണ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അവരുടേതാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ഒരു തെളിവുമില്ലാതെ ജയിലിൽ അടയ്ക്കാൻ കഴിയുമ്പോൾ ആരാണ് അവരെ തടയുന്നത്? കഴിഞ്ഞ 10 വർഷമായി അവർ ഇത് പറയുന്നത് മറ്റൊന്നും ഇല്ലാത്തതിനാലും ജനങ്ങളുടെ ശ്രദ്ധ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് തിരിക്കാനുമാണ-കനയ്യ കുമാർ പറഞ്ഞു. ‘തുക്‌ഡെ തുക്‌ഡെ സംഘ’ത്തെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോലും പറഞ്ഞു. ഇത് രാഷ്ട്രീയ പ്രചരണമാണ്, അതിനർത്ഥം അവർക്ക് യഥാർത്ഥ അജണ്ട ഇല്ല എന്നാണെന്നും കനയ്യ കുമാർ കൂട്ടിച്ചേർത്തു.
ജനങ്ങളോടും ദില്ലി കോൺഗ്രസിൻ്റെ നേതൃത്വത്തോടും ഞാൻ നന്ദിയുള്ളവനാണ്. തനിക്ക് മികച്ച പോരാട്ടം നടത്താൻ കഴിയുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള കോൺഗ്രസിൻ്റെ പോരാട്ടം ഞങ്ങൾ ഉയർത്തിപ്പിടിക്കും. മത്സരം വെല്ലുവിളി നിറഞ്ഞതാണെങ്കിലും, ദില്ലിയിൽ മാത്രമല്ല, രാജ്യത്തുടനീളം നമ്മൾ കാണുന്നത് ഈ സർക്കാരിൽ ജനങ്ങൾ അതൃപ്തരാണ് എന്നതാണ്. ടിവിയിലും ഇലക്‌ട്രോണിക് മാധ്യമങ്ങളിലും കാണുന്ന നമ്പറുകളെല്ലാം വ്യാജമാണ്. ബി ജെ പി ആവർത്തിച്ച് ഇതേ കാര്യങ്ങൾ പറയുന്നുണ്ട്. അവരുടെ സർക്കാർ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ സാധിച്ചിട്ടില്ല, തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ, സ്ത്രീ സുരക്ഷ, സാമ്പത്തിക അസമത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും കനയ്യ പറഞ്ഞു.
സി പി ഐ വിട്ട് കോൺഗ്രസിലെത്തിയ യുവ നേതാവായ കനയ്യയെ ദില്ലി പിടിക്കാനാണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. ദില്ലി നോർത്ത് ഈസ്റ്റിലാണ് കനയ്യയുടെ പോരാട്ടം. കഴിഞ്ഞ തവണ ബിഹാറിലെ ബഗുസരായിയിലാണ് കനയ്യ മത്സരിച്ചത്. എന്നാൽ പിന്നീട് സി പി ഐ വിട്ട് യുവ നേതാവ് കോൺഗ്രസിലേക്ക് എത്തുകയായിരുന്നു. ഇക്കുറി ബിഹാറിലെ മഹാസഖ്യത്തിന്‍റെ ഭാഗമായ സി പി ഐ ബഗുസരായി ചോദിച്ചു വാങ്ങിയിരുന്നു. ഇതോടെ ഇക്കുറി കനയ്യക്ക് മത്സരിക്കാൻ അവസരമുണ്ടാകുമോ എന്ന സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ കനയ്യയെ ദില്ലിയിൽ മത്സരിപ്പിക്കുമെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ജെ എൻ യുവിൽ പഠിച്ചു വളർന്ന യുവ നേതാവിനെ ദില്ലിയിൽ ഇറക്കുന്നത് ഗുണം ചെയ്യുമെന്നാണ് എ ഐ സി സി നേതൃത്വത്തിന്‍റെ കണക്കുക്കൂട്ടൽ.