നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇക്കുറിയും ടൺകണക്കിന് കൊന്നപ്പൂവും കണിവെള്ളരിയും വിദേശ രാജ്യങ്ങളിലേക്ക് കടന്നു. ഇക്കുറി കേരളത്തിൽ കണിക്കൊന്ന ധാരാളം പൂത്തതിനാൽ ക്ഷാമമില്ലെന്ന് കയറ്റുമതി ഏജൻസികൾ പറയുന്നു.
കിലോഗ്രാമിന് 180 മുതൽ 220 രൂപ വരെ നൽകിയാണ് പല ഭാഗങ്ങളിൽനിന്നായി കണിക്കൊന്ന ശേഖരിച്ചത്. എന്നാൽ കണി വെള്ളരിയേറെയും മലബാർ മേഖലയിൽനിന്നാണ് ശേഖരിച്ചത്. കണിക്കൊന്ന വാടാതിരിക്കാനും തണ്ടിൽനിന്ന് അടർന്നുപോകാതിരിക്കാനും തെർമോകോൾ പെട്ടിയിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്.
പ്രത്യേക ജെല്ലും പെട്ടിയിൽ വെക്കും. ഇതിനകം രണ്ടര ടണ്ണിലേറെ കണിക്കൊന്നയാണ് നെടുമ്പാശ്ശേരിയിൽനിന്ന് വിദേശത്തെത്തിയത്. യാത്രക്കാർ കുറവാകുന്ന സമയം നോക്കിയാണ് ഇവ കൂടുതലായി വിമാനങ്ങളിൽ അയക്കുന്നത്.