തലശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കണ്ണപുരത്തെ റിജിത്ത് കൊലക്കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. സാക്ഷികളുടെ ക്രോസ് വിസ്താരത്തിനായി കേസ് മേയ് 27ന് തലശ്ശേരി മൂന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് റൂബി കെ. ജോസ് വീണ്ടും പരിഗണിക്കും. കേസിൽ മുൻ ജില്ല ഗവ. പ്ലീഡർ അഡ്വ. ബി.പി. ശശീന്ദ്രനെ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയോഗിച്ചതിനു ശേഷമാണ് വീണ്ടും വിചാരണ ആരംഭിക്കുന്നത്.
ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ കണ്ണപുരം ചുണ്ടയിലെ വയക്കോടൻ വീട്ടിൽ വി.വി. സുധാകരൻ (50), കോത്തല താഴെ വീട്ടിൽ കെ.ടി. ജയേഷ് (35), വടക്കെ വീട്ടിൽ വി.വി. ശ്രീകാന്ത് (40), പുതിയ പുരയിൽ പി.പി. അജീന്ദ്രൻ (44), ഇല്ലിക്കൽ വളപ്പിൽ ഐ.വി. അനിൽകുമാർ (45), പുതിയ പുരയിൽ പി.പി. രാജേഷ് (39), കോത്തല താഴെ വീട്ടിൽ അജേഷ് (34), ചാക്കുള്ള പറമ്പിൽ സി.പി. രഞ്ജിത്ത് (39), വടക്കെവീട്ടിൽ വി.വി. ശ്രീജിത്ത് (40), തെക്കേ വീട്ടിൽ ടി.വി. ഭാസ്കരൻ (60) എന്നിവരാണ് കേസിലെ പ്രതികൾ.
2005 ഒക്ടോബർ രണ്ടിന് രാത്രി ഒമ്പത് മണിയോടെ ചുണ്ട തച്ചൻക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് സൃഹുത്തുക്കൾക്കൊപ്പം നടന്ന് പോവുന്നതിനിടയിലാണ് പ്രതികൾ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കണ്ണപുരത്തെ അരക്കൻ വീട്ടിൽ റിജിത്തിനെ (26) വെട്ടി കൊലപ്പെടുത്തിയത്. കുടെയുണ്ടായ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.വി. നികേഷ്, ചിറയിൽ വികാസ്, കെ. വിമൽ തുടങ്ങിയവർക്ക് വെട്ടേറ്റിരുന്നു. നികേഷിന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്.
കെ. ഉമേഷ്, പി.പി. സജീവൻ, കോടതിയിലെ പ്രോപ്പർട്ടി ക്ലാർക്ക് വി.സി. ജയരാജൻ, വില്ലേജ് ഓഫിസർ പി.വി. അരവിന്ദൻ, പി.കെ. ബാലൻ, ഫോറൻസിക് സർജൻ ഡോ.എസ്. ഗോപാലകൃഷ്ണപിള്ള, ഡോ. വിദ്യാധരൻ, ഡോ. ഹിലാരി സലാം, സയിന്റിഫിക് എ. ബാബു, പൊലീസ് ഫോട്ടോഗ്രാഫർ പി.വി. സുരേന്ദ്രൻ, പൊലീസ് ഓഫിസർമാരായ, എ.വി. ജോർജ്, ടി.പി. പ്രേമരാജൻ, കെ. പുരുഷോത്തമൻ, പ്രകാശൻ, കെ. രവീന്ദ്രൻ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.