കണ്ണൂർ: ഈ വർഷം ജൂലൈ വരെ കണ്ണൂർ സിറ്റി ജില്ല പൊലീസ് രജിസ്റ്റർ ചെയ്തത് 820 ലഹരി മരുന്ന് കേസുകൾ. 26.262 കിലോ ഗ്രാം കഞ്ചാവ്, 156.407 ഗ്രാം എം.ഡി.എം.എ (മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ), 47.599 ഗ്രാം ബ്രൗൺ ഷുഗർ, 1988.18 ഗ്രാം ഹാഷിഷ് ഓയിൽ, 431 കഞ്ചാവ് ബീഡികൾ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. വിൽപന നടത്താൻ ഉപയോഗിച്ച ആറ് കാറുകളും മോട്ടോർ സൈക്കിളും പിടികൂടിയിട്ടുണ്ട്.ലഹരി ഉപയോഗവും വിൽപനയും നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ അറിയിച്ചു. സ്ഥിരമായി ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ നിരീക്ഷിച്ച് അതുവഴി സമ്പാദിച്ച സ്വത്തുകൾ കണ്ടുകെട്ടുകയും കാപ്പ ഉൾപെടെ ശക്തമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ലഹരി മാഫിയയെ പൂട്ടാൻ കർശന പരിശോധനകൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. നാർകോട്ടിക് സെൽ എ.സി.പി ജയൻ ഡോമനികിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്ക്വാഡാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്. ഡ്രോൺ കാമറകൾ ഉൾപെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് പരിശോധന. കുറ്റിക്കാടുകൾ, ആളൊഴിഞ്ഞ സ്ഥലങ്ങൾ, വാഹനങ്ങൾ, സ്കൂൾ പരിസരം എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ട്.