കണ്ണൂർ : തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ബോംബുമായി വന്ന സംഘം പ്ലാൻ ബിയും ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തൽ. ബോംബ് പൊട്ടിയില്ലെങ്കിൽ വാൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതനുസരിച്ച് ഒരു കാറിൽ നാലംഗസംഘം വാളുകളുമായി വിവാഹവീടിന് സമീപത്ത് എത്തുകയും വാൾ വീശുകയും ചെയ്തു. ഇവരെ നാലുപേരെയും എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.
കാടാച്ചിറ സ്വദേശി സനാദ് അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ആയുധവുമായി വന്ന കാറും പോലീസിന്റെ കസ്റ്റഡിയിലാണ്. ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ മിഥുൻ, അക്ഷയ്, ഗോകുൽ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മിഥുനാണ് ബോംബ് പൊട്ടിയില്ലെങ്കിൽ വാൾ ഉപയോഗിച്ചും എതിർ സംഘത്തെ നേരിടണമെന്ന പദ്ധതി തയ്യാറാക്കിയത്. ഇതുപ്രകാരം സുഹൃത്തായ കാടാച്ചിറ സ്വദേശി സനാദിനെ മിഥുൻ ഫോണിൽവിളിച്ചു. ആയുധങ്ങളുമായി തോട്ടടയിൽ എത്തണമെന്നായിരുന്നു നിർദേശം. തുടർന്ന് സനാദ് മറ്റ് മൂന്നുപേരുമായി കാറിൽ തോട്ടടയിൽ എത്തുകയായിരുന്നു.
വിവാഹവീട്ടിലെ തർക്കത്തിന് പിന്നാലെ തോട്ടടയിലെ സംഘത്തിനെ നേരിടാൻ മിഥുനും കൂട്ടാളികളും വലിയരീതിയിലുള്ള ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്ലാൻ ബി അടക്കം ആസൂത്രണം ചെയ്ത പ്രതികൾ, വലിയതോതിലുള്ള ആക്രമണത്തിനാണ് കോപ്പുകൂട്ടിയതെന്നും പോലീസ് കരുതുന്നു. അതിനാൽതന്നെ വിവാഹവീട്ടിൽ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തർക്കം മാത്രമാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.